യുഎഇ രാഷ്ട്രപതിക്ക് ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് നൽകി ആദരിച്ചു

അബുദാബി, 21 മെയ്, 2024 (WAM) -- അന്താരാഷ്‌ട്ര മാനുഷിക പ്രയത്‌നങ്ങളിലെ നിർണായക സംഭാവനകൾക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ മെഡിറ്ററേനിയൻ പാർലമെൻ്ററി അസംബ്ലി ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ് നൽകി ആദരിച്ചു. അബുദാബിയിൽ നടന്ന ഒരു മീറ്റിംഗിലാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച അംഗീകാരത്തിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും മനുഷ്യ ഐക്യദാർഢ്യത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി ആഗോള പങ്കാളികളുമായി സഹകരിച്ച് ഈ മാനുഷിക നയം യുഎഇ തുടരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പ്രാദേശികമായും ആഗോളതലത്തിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മാനുഷിക സംരംഭങ്ങളെ പ്രതിനിധി സംഘം അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും ദുർബലമായ മേഖലകളിലെ മാനുഷിക ആവശ്യങ്ങൾക്കായി 20 ബില്യൺ ദിർഹം അനുവദിക്കുന്ന സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവിൻ്റെ സമീപകാല പ്രഖ്യാപനത്തെയും അവർ അഭിനന്ദിച്ചു.

അബുദാബി കിരീടാവകാശി, അബുദാബി ഉപഭരണാധികാരി, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ബോർഡ് ഓഫ് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ എന്നിവരുൾപ്പെടെ നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ