യുഎഇ-അർമേനിയ സംയുക്ത സമിതിയുടെ രണ്ടാം യോഗത്തിന് അബുദാബി ആതിഥേയത്വം വഹിച്ചു

അബുദാബി, 21 മെയ്, 2024 (WAM) --യുഎഇ-അർമേനിയ സംയുക്ത സമിതിയുടെ രണ്ടാമത്തെ യോഗം അബുദാബിയിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് ചേർന്നു. അർമേനിയയുടെ സാമ്പത്തികകാര്യ മന്ത്രി ഗെവോർഗ് പപ്പോയൻ, യുഎഇ സഹമന്ത്രി അഹമ്മദ് അൽ സയേഗ് എന്നിവർ യോഗത്തിൽ നേതൃത്വം നൽകി.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, കൃഷി, പരിസ്ഥിതി, ഊർജം, ഗതാഗതം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, തൊഴിൽ തുടങ്ങിയ സുപ്രധാന സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരു രാജ്യങ്ങളിലെയും സർക്കാർ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. യുഎഇയും അർമേനിയയും തമ്മിലുള്ള നിലവിലുള്ള സാമ്പത്തിക പങ്കാളിത്തത്തെ അൽ സയേഗ് അഭിനന്ദിച്ചു, പരസ്പര താൽപ്പര്യമുള്ള വിവിധ മേഖലകളിൽ സഹകരണം വൈവിധ്യവത്കരിക്കേണ്ടതിൻ്റെയും വിപുലീകരിക്കുന്നതിൻ്റെയും പ്രാധാന്യം യോഗം അടിവരയിട്ടു.

സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും യുഎഇയുമായുള്ള സഹകരണം വിപുലീകരിക്കാനുമുള്ള അർമേനിയയുടെ ആഗ്രഹം പപ്പോയൻ ഊന്നിപ്പറഞ്ഞു. വ്യാപാരം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കും യോഗം എടുത്തുപറഞ്ഞു.

യുഎഇ-അർമേനിയ സംയുക്ത സമിതിയുടെ ആദ്യ യോഗം 2019ൽ അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നടന്നു.

WAM/അമൃത രാധാകൃഷ്ണൻ