അബുദാബി, 21 മെയ്, 2024 (WAM) --ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ഇൻ്റർനാഷണൽ എക്‌സിബിഷൻ്റെ (ഐഎസ്എൻആർ അബുദാബി 2024) എട്ടാമത്തെ പതിപ്പ് അബുദാബിയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. മെയ് 21 മുതൽ 23 വരെ നടക്കുന്ന പ്രദർശനം, ദേശീയ സുരക്ഷ വർദ്ധിപ്പിക്കുക, അപകടസാധ്യതകൾ തടയുക, അടിയന്തര സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുക, ദേശീയ സുരക്ഷ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ ചർച്ച ചെയ്യും.
ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യാന്തര അതിഥികളും, മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സാമൂഹിക സുരക്ഷയും സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിലും യുഎഇയുടെ ഉയർന്ന കഴിവുകളെ പ്രദർശനം പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയം, അബുദാബി പോലീസ് ജിഎച്ച്ക്യു, റബ്ദാൻ അക്കാദമി എന്നിവയുടെ സഹകരണത്തോടെ അഡ്നെക് ഗ്രൂപ്പാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് ശേഷം, ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ വിവിധ പവലിയനുകൾ സന്ദർശിക്കുകയും ദേശീയ സുരക്ഷ നിലനിർത്തുന്നതിനും സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രതിരോധവും സിവിൽ സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും പുതിയ പരിഹാരങ്ങളും സാങ്കേതികവിദ്യകളും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. യുഎഇ പ്രതിരോധ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ പിന്തുണയുള്ള ഐഎസ്എൻആർ സ്റ്റാർട്ടപ്പ് സോണും അദ്ദേഹം സന്ദർശിച്ചു.
ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെയും ആപ്ലിക്കേഷനുകളുടെയും സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമുള്ള തന്ത്രപരമായ ദർശനങ്ങളും പദ്ധതികളും നിർമ്മിക്കാൻ എക്സിബിഷൻ ലക്ഷ്യമിടുന്നു.
WAM/അമൃത രാധാകൃഷ്ണൻ