മീസിൽസ് വൈറസിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ അബുദാബി പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചു

അബുദാബി, 28 മെയ് 2024 (WAM) -- മീസിൽസ് ബാധയെ ചെറുക്കുന്നതിന് അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (എഡിപിഎച്ച്സി), എമിറേറ്റിലെ ഹെൽത്ത് കെയർ സൗകര്യങ്ങളുമായി സഹകരിച്ച്,വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. മെയ് 28-ന് ആരംഭിച്ച കാമ്പയിൻ, ഒന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ എംഎംആർ വാക്സിനേഷൻ എടുക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.

അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 58 സൗകര്യങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. 2022-നെ അപേക്ഷിച്ച് യൂറോപ്പിലെയും മധ്യേഷ്യയിലെയും 53 രാജ്യങ്ങളിലായി 2023-ൽ അഞ്ചാംപനി കേസുകളിൽ 30 മടങ്ങ് വർധനവുണ്ടായതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ രോഗം വരാൻ ഏറ്റവും സാധ്യതയുള്ള കുട്ടികളെ സംരക്ഷിക്കാൻ വാക്‌സിനേഷൻ്റെ പ്രാധാന്യവും ആവശ്യകതയും എഡിപിഎച്ച്സിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് അൽഖസ്‌രാജി ഊന്നിപ്പറഞ്ഞു.

ദേശീയ വാക്സിനേഷൻ പ്രോഗ്രാമിൽ നിലവിൽ മീസിൽസ് വാക്സിന്റെ രണ്ട് ഡോസുകൾ ഉൾപ്പെടുന്നു, ആദ്യ ഡോസ് 12 മാസത്തിലും രണ്ടാമത്തേത് 18 മാസത്തിലും നൽകപ്പെടുന്നു. കാമ്പെയ്‌നിൻ്റെ ഭാഗമായി നൽകുന്ന അധിക ഡോസ്, സമൂഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ കൂടുതൽ സംരക്ഷണം നൽകും.

രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ മീസിൽസ് വൈറസ് വായുവിലൂടെ പടരുന്നു. വൈറസിന് വായുവിലും ഉപരിതലത്തിലും രണ്ട് മണിക്കൂർ നിലനിൽക്കാൻ കഴിയും.

ലോകമെമ്പാടും അഞ്ചാംപനി ഇല്ലാതാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ തന്ത്രങ്ങൾ നടപ്പിലാക്കാൻ അബുദാബി പ്രതിജ്ഞാബദ്ധമാണ്, പതിവ് വാക്സിനേഷൻ പ്രോഗ്രാമുകളും അനുബന്ധ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനുകളും നടപ്പിലാക്കി അഞ്ചാംപനി നിർമ്മാർജ്ജനം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WAM/അമൃത രാധാകൃഷ്ണൻ