അറബ് മാധ്യമ ഉച്ചകോടിക്കിടെ അഹമ്മദ് ബിൻ മുഹമ്മദ് യെമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്, 2024 മെയ് 28 (WAM) -- ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 22-ാമത് അറബ് മീഡിയ ഫോറത്തിൻ്റെ ഉദ്ഘാടന ദിനത്തോടനുബന്ധിച്ച് യെമൻ പ്രധാനമന്ത്രി ഡോ. അഹമ്മദ് അവദ് ബിൻ മുബാറക്കുമായി കൂടിക്കാഴ്ച്ച നടത്തി. ബോധവൽക്കരണവും വികസന സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഏകീകൃത നിലപാടിന് അറബ് സഹകരണത്തിൻ്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.

സ്ഥിരത, സമാധാനം, സഹിഷ്ണുത, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെയും ചർച്ചകൾ എടുത്തുകാട്ടി. പോസിറ്റീവ് മൂല്യങ്ങൾ പ്രചരിപ്പിക്കാനും വിധ്വംസക ആശയങ്ങളെ ചെറുക്കാനും കഴിയുന്ന നൈപുണ്യമുള്ള പത്രപ്രവർത്തകരുടെ പുതിയ തലമുറയെ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു. യുഎഇയുടെ നേതൃത്വത്തിന് യെമൻ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും പ്രാദേശിക അഭിലാഷങ്ങളുമായി മാധ്യമങ്ങളെ അണിനിരത്തുന്നതിൽ അറബ് മാധ്യമ ഉച്ചകോടിയുടെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു.

ദുബായ് കൾച്ചർ ആൻ്റ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ വൈസ് പ്രസിഡൻ്റും എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ദുബായ് പ്രസ് ക്ലബ് പ്രസിഡൻ്റുമായ മോനാ ഗാനെം അൽ മർറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ