ദുബായ്, 28 മെയ് 2024 (WAM) --ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ (ഡിഎംസി) ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരംദുബായ് മീഡിയ കൗൺസിൽ (ഡിഎംസി) സ്വകാര്യ മേഖലയുമായി സഹകരിച്ച് ദേശീയ മാധ്യമ പ്രതിഭകളെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എമിറാത്തി മീഡിയ ടാലൻ്റ് പ്ലെഡ്ജ് സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അറബ് മാധ്യമ ഉച്ചകോടിക്ക് കീഴിൽ നടക്കുന്ന അറബ് മീഡിയ ഫോറത്തിലാണ് (എഎംഎഫ്) ഇതു സംബന്ധിച്ച് പ്രഖ്യാപനം നടന്നത്.
മാധ്യമ വിദ്യാർത്ഥികൾക്കും, ജേർണലിസ്റ്റുകൾക്കും എമിറേറ്റിലെ ഊർജ്ജസ്വലമായ മാധ്യമ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുന്നതിന് പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി മെൻ്റർഷിപ്പ്, ഇൻ്റേൺഷിപ്പ്, ജോലി അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യാൻ ഈ സംരംഭം ശ്രമിക്കുന്നു.
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രതിജ്ഞാബദ്ധത ഈ സംരംഭങ്ങൾ ആരംഭിക്കാൻ തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് ചടങ്ങിനെ കുറിച്ച് ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് പറഞ്ഞു. ദേശീയ മാധ്യമങ്ങളെ മുന്നോട്ട് നയിക്കുക, അന്തർദേശീയ നിലവാരം പുലർത്താൻ അവരെ സഹായിക്കുക, ആഗോളതലത്തിൽ വ്യവസായത്തിലെ മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ അവരെ പ്രാപ്തരാക്കുന്ന വിശാലമായ കാഴ്ചപ്പാട് രൂപപ്പെടുത്തുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യം.
ടീകോം, അഷർഖ് ന്യൂസ്, ദി നാഷണൽ, സ്കൈ ന്യൂസ് അറേബ്യ, സിഎൻഎൻ ബിസിനസ് അറബിക്, എഡൽമാൻ, ഗൾഫ് ന്യൂസ്, ഡിഐഎഫ്‌സി, അൽ ആൻ ടിവി, ഖനാവത്, ഹിൽസ് അഡ്വർടൈസിംഗ്, അൽ സയേഗ് മീഡിയ, നാവിഗേഷൻ ഫിലിംസ്, അൽ ഐൻ ന്യൂസ്, ആപ്‌കോ, സിഎൻഎൻ അറബിക്, ഹവാസ്, സിഎൻബിസി അറേബ്യ, കൂടാതെ എആർഎൻ തുടങ്ങിയ സംരംഭങ്ങളുടെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്ത സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
പ്രാദേശിക മാധ്യമ പ്രതിഭകളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും നൈപുണ്യമുണ്ടാക്കുന്നതിലും അടുത്ത തലമുറയിലെ മാധ്യമ വിദഗ്ധരെ തയ്യാറാക്കുന്നതിലും ദുബായുടെ മാധ്യമ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിലും ഈ സംരംഭം പ്രധാന പങ്ക് വഹിക്കുമെന്ന് ഡിഎംസിയിലെ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് മാനേജ്‌മെൻ്റ് ഡയറക്ടർ ഹെഷാം അൽ ഒലാമ പറഞ്ഞു. ഈ പ്രതിജ്ഞ കൗൺസിലിൻ്റെ പ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും പ്രൊഫഷണൽ പരിശീലനത്തിനോ തൊഴിലവസരത്തിനോ വേണ്ടി മികച്ച യുവ പ്രതിഭകളെ കണ്ടെത്തുന്നതിന് സ്വകാര്യ മേഖലയിലെ പങ്കാളികളുമായും അക്കാദമിക് സമൂഹവുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തനത്തിൽ താൽപ്പര്യമുള്ള യുവാക്കൾക്കും അനുയോജ്യമായ ഇൻ്റേൺഷിപ്പുകളും പരിശീലന പരിപാടികളും അവരെ പ്രായോഗിക പരിചയം നേടാനും മാധ്യമ പ്രവർത്തനത്തിൻ്റെ വിവിധ വശങ്ങളിൽ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള അവസരവും നേടാൻ സഹായിക്കുന്നു.
യുഎഇയിലെ മാധ്യമ വ്യവസായത്തിൻ്റെ സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും ദേശീയ മാധ്യമ പ്രതിഭകളെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് ദുബായ് പ്രസ് ക്ലബ് (ഡിപിസി) ഡയറക്ടർ ഡോ. മൈത ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു. സ്ഥാപിതമായത് മുതൽ, യുവ മാധ്യമ പ്രൊഫഷണലുകളെ പിന്തുണയ്ക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിൽ ഡിപിസി സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സംരംഭത്തിൽ പങ്കെടുക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും ഡോ. ബുഹുമൈദ് നന്ദി രേഖപ്പെടുത്തി, അവരുടെ സംഭാവനകൾ മാധ്യമ മേഖലയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.
കൗൺസിലിൻ്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി പ്രോഗ്രാമുകളിലൂടെയും സംരംഭങ്ങളിലൂടെയും യുവ എമിറാത്തി പ്രതിഭകളെ പിന്തുണയ്ക്കാനുള്ള കൗൺസിലിൻ്റെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ഡിഎംസിയിലെ സീനിയർ സ്ട്രാറ്റജിക് അനലിസ്റ്റ് മൈത അൽ ഹാഷ്മി പറഞ്ഞു.
ഈ സഹകരണ സംരംഭം ഊർജ്ജസ്വലമായ ഒരു മാധ്യമ പരിതസ്ഥിതിയെ പരിപോഷിപ്പിക്കുകയും ദുബായിലും അന്താരാഷ്ട്ര തലത്തിലും മീഡിയ ലാൻഡ്‌സ്‌കേപ്പിൻ്റെ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ