അഞ്ച് പ്രഖ്യാപനങ്ങൾ, 82 കരാറുകൾ; മൂന്നാമത് മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് ഫോറം സമാപിച്ചു

അബുദാബി, 29 മെയ്, 2024 (WAM) -- അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് (ADDED), അഡ്‌നോക് എന്നിവയുടെ സഹകരണത്തോടെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം (MoIAT) സംഘടിപ്പിച്ച മേക്ക് ഇറ്റ് ഇൻ എമിറേറ്റ്‌സ് ഫോറത്തിൻ്റെയും എക്‌സിബിഷൻ്റെയും മൂന്നാം പതിപ്പ് ചൊവ്വാഴ്ച സമാപിച്ചു. രണ്ട് ദിവസത്തെ പരിപാടിയിൽ യുഎഇയിലെ 200 പ്രമുഖ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന 6,000 നിക്ഷേപകരും വ്യവസായികളും നൂതന വിദഗ്ധരും പങ്കെടുത്തു. ഫോറം അഞ്ച് തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങൾക്കും,82 കരാറുകൾക്കും വേദിയായി. പ്രാദേശിക ഉൽപ്പാദനത്തിനായി 23 ബില്യൺ ദിർഹം അധിക തുകയുടെ സംഭരണ ​​അവസരങ്ങൾ ഉൾപ്പെടെ, മൊത്തം മൂല്യം 143 ബില്യൺ ദിർഹമായി ഉയർത്തി.

വ്യാവസായിക പദ്ധതികളിൽ 20 ബില്യൺ ദിർഹം മൂല്യമുള്ള പുതിയ നിക്ഷേപം, അജ്മാൻ, റാസൽ ഖൈമ, ഉമ്മുൽ ഖൈവയ്ൻ, ഫുജൈറ എന്നിവിടങ്ങളിലെ വ്യവസായ കമ്പനികൾക്കുള്ള മത്സരാധിഷ്ഠിത വൈദ്യുതി നിരക്കുകളും ചടങ്ങിൽ പ്രഖ്യാപിച്ചു . വ്യാവസായിക കമ്പനികളെ ശാക്തീകരിക്കുന്നതിനായി എമിറേറ്റ്‌സ് ഡെവലപ്‌മെൻ്റ് ബാങ്കും (ഇഡിബി) വാണിജ്യ ബാങ്കുകളും തമ്മിലുള്ള കോ-ലെൻഡിംഗ് ഫിനാൻസിംഗ് വഴി 1 ബില്യൺ ദിർഹത്തിൻ്റെ പരിഹാരങ്ങളും പരിപാടി അവതരിപ്പിച്ചു.

370 ദശലക്ഷം ദിർഹം ഫണ്ട് ഉപയോഗിച്ച് ഇഡിബിയുടെ പിന്തുണയോടെ എഐ ഇന്നൊവേഷൻ പ്രോഗ്രാം ആരംഭിച്ചു. പ്രാദേശിക വ്യാവസായിക കമ്പനികളുടെ നേട്ടങ്ങളും രാജ്യത്തേക്ക് വ്യാവസായിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന പ്രോത്സാഹനങ്ങളും ഫോറം പ്രദർശിപ്പിച്ചു. മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ് സംരംഭം, നാഷണൽ ഐസിവി-പ്രോഗ്രാം, ദേശീയ അന്തർദേശീയ കമ്പനികളുടെ ഇറക്കുമതി സബ്സ്റ്റിറ്റ്യൂഷൻ ശ്രമങ്ങൾ എന്നിവയിൽ നിന്നുള്ള 300 ഉൽപ്പന്നങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.

സ്ഥാപനങ്ങൾ, കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കിടയിലുള്ള സഹകരണത്തിനുള്ള ഒരു പ്രധാന ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഫോറം കൂടുതൽ ഉറപ്പിച്ചു. 100 വ്യാവസായിക കമ്പനികൾക്കായി ഒരു റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിലൂടെ വ്യവസായത്തിൽ നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ട്രാൻസ്ഫോം 4.0 എന്ന പ്രോഗ്രാമും ഇതിൽ ആരംഭിച്ചു. അഡിറ്റീവ് നിർമ്മാണവും ഡീകാർബണൈസേഷനും ഉൾക്കൊള്ളുന്ന മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് സ്റ്റാർട്ടപ്പ് പിച്ച് മത്സരത്തിലെ മൂന്ന് വിജയികളെ മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ