എമിറേറ്റ്‌സ് ജീനോം കൗൺസിൽ യോഗത്തിൽ, വ്യക്തിഗതമായ പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് അംഗീകരിച്ചു

അബുദാബി, 11 ജൂൺ 2024 (WAM) --എമിറേറ്റ്‌സ് ജീനോം കൗൺസിൽ യോഗത്തിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായി. അഞ്ച് ദശലക്ഷത്തിലധികം ജീൻ വകഭേദങ്ങൾ വെളിപ്പെടുത്തിയ എമിറാത്തി റഫറൻസ് ജീനോം പഠനം പൂർത്തിയാക്കിയതുൾപ്പെടെയുള്ള തന്ത്രപരമായ സംരംഭങ്ങൾ ബോർഡ് അവലോകനം ചെയ്തു. ഫലങ്ങൾ പ്രാദേശിക ജനസംഖ്യയെക്കുറിച്ചുള്ള അറിവിനെ ഗണ്യമായി വർദ്ധിപ്പിക്കുകയും ക്രമക്കേടുകളുമായുള്ള ജനിതക ബന്ധങ്ങളെക്കുറിച്ചുള്ള അറിവ് പുനർനിർമ്മിക്കാനുള്ള കഴിവ് നൽകുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി.

ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് എമിറാത്തി റഫറൻസ് ജീനോം പ്ലാറ്റ്‌ഫോം സമാരംഭിക്കുന്നതിന് അംഗീകാരം നൽകി, ഇത് പഠനത്തിൽ നിന്നുള്ള ഡാറ്റ ക്ലിനിക്കുകൾക്കും ഗവേഷകർക്കും ആക്‌സസ് ചെയ്യാനും ജനിതക അപകട ഘടകങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നു. എമിറാത്തി ജീനോം പ്രോഗ്രാം 600,000 സാമ്പിളുകൾ ശേഖരിച്ചു, ഒരു ദശലക്ഷം സാമ്പിളുകളുടെ ലക്ഷ്യത്തിൻ്റെ 60% എത്തി.

യുഎഇയുടെ ദേശീയ ജീനോം സ്ട്രാറ്റജിയും വളരുന്ന ജീനോമിക്‌സ് ആർ ആൻഡ് ഡി ഇക്കോസിസ്റ്റവും ജീനോമിക് ഗവേഷണത്തിനും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് എന്ന് എമിറേറ്റ്‌സ് ജീനോം കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എടുത്തുപറഞ്ഞു.

യുഎഇയിൽ സമൂഹത്തിൻ്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി സ്ട്രാറ്റജിക് ജീനോമിക്‌സിലും പ്രിസിഷൻ മെഡിസിൻ സംരംഭങ്ങളിലും നിക്ഷേപം നടത്താനുള്ള നേതൃത്വത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

യുഎഇ പൗരന്മാർക്ക് വ്യക്തിപരവും കൃത്യവുമായ ആരോഗ്യപരിരക്ഷ പരിഹാരങ്ങൾ രൂപകൽപന ചെയ്യുന്നതിനായി ജനിതക ഗവേഷണത്തിൻ്റെയും പഠനങ്ങളുടെയും ഉപയോഗം വർധിപ്പിച്ചുകൊണ്ട് യുഎഇയിലുടനീളം വ്യക്തിപരവും പ്രിവൻ്റീവ് മെഡിസിനും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചട്ടക്കൂടിന് ശൈഖ് ഖാലിദ് യോഗത്തിൽ അംഗീകാരം നൽകി. ജനിതക രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഡയഗ്‌നോസ്റ്റിക്, ട്രീറ്റ്‌മെൻ്റ് സൊല്യൂഷനുകൾ ത്വരിതപ്പെടുത്തുന്നതിന് നൂതന എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംയോജിത പ്രതിരോധ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ വികസനത്തെയും ചട്ടക്കൂട് പിന്തുണയ്ക്കും.

അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റി, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, യുഎഇ യൂണിവേഴ്‌സിറ്റി, ഷാർജ യൂണിവേഴ്‌സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, ജർമ്മനിയിലെ ല്യൂബെക്ക് യൂണിവേഴ്സിറ്റി, എം42 എന്നിവയുമായി സഹകരിച്ച് ഖലീഫ യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് എമിറാത്തി റഫറൻസ് ജിനോം പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള 90% ജീനോമിക് പഠനങ്ങളും നിലവിൽ യൂറോപ്യൻ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ, പ്രദേശത്തിനും വംശീയ പശ്ചാത്തലത്തിനും പ്രത്യേകമായി തയ്യാറാക്കിയ ഇത്തരത്തിലുള്ള ആദ്യ പഠനമാണിത്.

എമിറാത്തി റഫറൻസ് ജീനോം പ്ലാറ്റ്‌ഫോം എമിറാത്തി ജനസംഖ്യയിൽ സാധാരണമായ രോഗങ്ങൾക്കുള്ള ജനിതക അപകട ഘടകങ്ങൾ തിരിച്ചറിയുന്നതിനും വ്യക്തിഗതമാക്കിയ ചികിത്സകളുടെയും പ്രതിരോധ തന്ത്രങ്ങളുടെയും വികസനം സുഗമമാക്കുന്നതിനും സഹായിക്കും. ജനിതകശാസ്ത്രത്തിൻ്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ, ഭാവിതലമുറയുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ പ്ലാറ്റ്ഫോം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WAM/അമൃത രാധാകൃഷ്ണൻ