ഇസ്രായേൽ-പലസ്തീൻ സംഘർഷം പരിഹരിക്കാൻ സമഗ്രവും തന്ത്രപരവുമായ സമീപനം ആവശ്യമാണെന്ന് യുഎഇ

അമ്മാൻ, 11 ജൂൺ 2024 (WAM) -- അക്രമവും വിദ്വേഷവും തീവ്രവാദവും അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ അഭിമുഖീകരിക്കുന്നതിന് സമഗ്രവും തന്ത്രപരവുമായ സമീപനത്തിൻ്റെ ആവശ്യകത യുഎഇ ഊന്നിപ്പറഞ്ഞു.ഗാസ മുനമ്പിലെ അടിയന്തര മാനുഷിക പ്രതികരണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിൻ്റെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യം ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

അന്തസ്സുള്ളതും സുരക്ഷിതവുമായ ജീവിതത്തിനായി പലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന് യുഎഇ ആഹ്വാനം ചെയ്തു. സമ്മേളനം നടത്താനുള്ള അവസരമൊരുക്കിയതിന് കിംഗ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ, ഈജിപ്തിൻ്റെ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് എന്നിവരോട് യുഎഇ നന്ദി അറിയിച്ചു.

ഗാസയിലെ ഇസ്രായേൽ യുദ്ധം 36,000 പലസ്തീനികളുടെ ജീവൻ അപഹരിച്ചു, ഏകദേശം 80,000 പേർക്ക് പരിക്കേൽക്കുകയും 78% ജനസംഖ്യയുടെ പലായനത്തിലേക്ക് നയിക്കുകയും ചെയ്തു. ഇസ്രയേലിൻ്റെ സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനും സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണമായി പാലിക്കാനും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികൾ പാലിക്കാനും ഗാസയിലേക്ക് അടിയന്തര മാനുഷിക, ദുരിതാശ്വാസ സഹായം തടസ്സമില്ലാതെ സുസ്ഥിരമായി വിതരണം ചെയ്യാനും യുഎഇ ആവശ്യപ്പെട്ടു.

വെടിനിർത്തലിൻ്റെ അടിയന്തിര ആവശ്യം, സുരക്ഷിതവും അടിയന്തിരവും സുസ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കുക, പലസ്തീൻ ജനതയെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങൾ നിരസിക്കുക,
സമാധാനം കൈവരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ വർധിപ്പിക്കുക തുടങ്ങിയ നിരവധി മുൻഗണനകളിൽ യുഎഇ പ്രതിജ്ഞാബദ്ധമാണ്.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, പ്രതിസന്ധിയുടെ തുടക്കം മുതൽ പലസ്തീൻ ജനതയ്ക്ക് അടിയന്തര ദുരിതാശ്വാസവും ഭക്ഷണ സഹായവും യുഎഇ ഉറപ്പാക്കിയിട്ടുണ്ട്. ഗാസയിലേക്ക് 33,000 ടൺ സാമഗ്രികളും ദുരിതാശ്വാസ സഹായങ്ങളും എത്തിച്ച 'ഗാലൻ്റ് നൈറ്റ് 3' ഓപ്പറേഷൻ ഉൾപ്പെടെ നിരവധി മാനുഷിക സംരംഭങ്ങൾക്ക് യുഎഇ തുടക്കമിട്ടു. കൂടാതെ, സഹായത്തിന്റെ ഭാഗമായി യുഎഇ തെക്കൻ ഗാസയിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും ഈജിപ്ഷ്യൻ തുറമുഖമായ അൽ-അരിഷിൽ ഒരു ഫ്ലോട്ടിംഗ് ഹോസ്പിറ്റലും സ്ഥാപിച്ചിട്ടുണ്ട്.

WAM/അമൃത രാധാകൃഷ്ണൻ