എഐ പരിവർത്തനം നയിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വിപുലീകരിക്കാൻ പുതിയ സംരംഭവുമായി ഹംദാൻ ബിൻ മുഹമ്മദ്

ദുബായ്, 12 ജൂൺ 2024 (WAM) --ആർട്ടിഫിഷ്യൽ ഇന്റലിജൻസും, വിദ്യാഭ്യാസ മേഖലയിൽ അതിൻ്റെ ഉപയോഗവും സംബന്ധിച്ച് എമിറേറ്റിലെ എല്ലാ അധ്യാപകരെയും പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രഖ്യാപിച്ചു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി (കെഎച്ച്‌ഡിഎ) സഹകരിച്ച് ദുബായ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേൽനോട്ടം വഹിക്കുന്ന ഈ സംരംഭം, അടുത്തിടെ സമാരംഭിച്ച ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിൻ്റ് ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (DUB.AI) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു.

വിദ്യാഭ്യാസ മേഖലയിലെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ നൂതനമായ സമീപനങ്ങൾ പ്രകടിപ്പിക്കുന്ന മികച്ച പത്ത് അധ്യാപകരെ 2025 ഏപ്രിൽ 29-ന് നടക്കുന്ന എഐ റിട്രീറ്റിൻ്റെ അടുത്ത പതിപ്പിൽ 1 ദശലക്ഷം ദിർഹം അവാർഡുകൾ നൽകി അംഗീകരിക്കും. അവരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുകയാണ് ശൈഖ് ഹംദാൻ ലക്ഷ്യമിടുന്നത്.

ഓഗ്മെൻ്റഡ്, വെർച്വൽ റിയാലിറ്റി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയ ടൂളുകളും അതുല്യമായ പഠന പരിതസ്ഥിതികളും അതുപോലെ തന്നെ വരും വർഷങ്ങളിൽ എഐ സാങ്കേതികവിദ്യകൾ പിന്തുണയ്ക്കുന്ന പുതുക്കിയ പാഠ്യപദ്ധതിയും അവതരിപ്പിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസം സമൂലമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും പഠനാനുഭവങ്ങൾ വ്യക്തിഗതമാക്കുന്നതിനും നൂതന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും എഐ ടൂളുകൾ സംയോജിപ്പിക്കുന്നതിനും ദുബായിലെ അധ്യാപകർക്ക് മികച്ച ഇൻ-ക്ലാസ് പരിശീലനം ലഭിക്കും.

എമിറേറ്റ്‌സ് ടവേഴ്‌സിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലും ഏരിയ 2071-ലും നടന്ന എഐ റിട്രീറ്റ് 2024ൽ ശൈഖ് ഹംദാൻ പങ്കെടുത്തു. 2,500-ലധികം തീരുമാനമെടുക്കുന്നവരും വിദഗ്ധരും എഐ വ്യവസായ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസത്തിൽ എഐ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിലൂടെ കഴിവുള്ള ആവാസവ്യവസ്ഥയെ ഉയർത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, ഭാവിയിലെ എഐ ലാൻഡ്‌സ്‌കേപ്പുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാനൽ ചർച്ചകളും റൗണ്ട് ടേബിളുകളും പരിപാടിയിൽ അവതരിപ്പിച്ചു.

WAM/അമൃത രാധാകൃഷ്ണൻ