ദുബായ് ആമ പുനരധിവാസ പദ്ധതിയുടെ 20-ാം വാർഷികത്തിൻ്റെ ഭാഗമായി ദുബായിൽ പുനരധിവസിപ്പിച്ച 63 ആമകളെ വീണ്ടും കടലിലേക്ക് വിട്ടു

ദുബായ്, 12 ജൂൺ 2024 (WAM) --സമുദ്ര സംരക്ഷണത്തിന് ആവശ്യമായ കൂട്ടായ ശ്രമങ്ങളെക്കുറിച്ചുള്ള സുപ്രധാന പാനൽ ചർച്ച സംഘടിപ്പിച്ചും, പുനരധിവസിപ്പിച്ച 63 ആമകളെ വീണ്ടും കടലിലേക്ക് വിട്ടും ജുമൈറ ഇന്ന് ദുബായ് ആമ പുനരധിവാസ പദ്ധതിയുടെ (ഡിടിആർപി) 20-ാം വാർഷികം ആഘോഷിച്ചു.

ജൂൺ 16 ഞായറാഴ്ച നടക്കുന്ന ലോക കടലാമ ദിനത്തിന് മുന്നോടിയായാണ് ആഗോള വിദഗ്ധരുടെ നേതൃത്വത്തിൽ 'ഔട്ട് ഓഫ് സൈറ്റ് ഈസ് നോട്ട് ഓഫ് മൈൻഡ്: നമ്മുടെ സമുദ്രത്തെ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തം' എന്ന തലക്കെട്ടിലുള്ള പാനൽ ചർച്ച നടന്നത്.

ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻ്റെ (ഐയുസിഎൻ) പ്രസിഡൻറ് റസാൻ അൽ മുബാറക്, ജുമൈറ ബുർജ് അൽ അറബിലെ അക്വേറിയം ഡയറക്ടർ ബാർബറ ലാങ്-ലെൻ്റൺ, മിഷൻ ബ്ലൂ സയൻ്റിസ്റ്റ്, മറൈൻ ബയോളജിസ്റ്റ്, ഫിലിം മേക്കർ, ഡോ. ജുവാൻ അൻ്റോണിയോ റൊമേറോ ഉൾപ്പെടെയുള്ള പാനൽ നമ്മുടെ സമുദ്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ച് ചർച്ച നടത്തി. സമുദ്ര സംരക്ഷണത്തിൽ സർക്കാരുകൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, വ്യക്തികൾ എന്നിവർ തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യം സംഘം എടുത്തുകാട്ടി.

ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് നിർണായകമായ കടൽ ജീവികളുടെ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് ദുബായ് ആമ പുനരധിവാസ പദ്ധതിയെ റസാൻ അൽ മുബാറക് അഭിനന്ദിച്ചു.പദ്ധതിയുടെ രണ്ട് ദശാബ്ദങ്ങൾ ആഘോഷിക്കുന്നതിൽ ബാർബറ ലാങ്-ലെൻ്റൺ അഭിമാനം പ്രകടിപ്പിച്ചു, സംരക്ഷണ പരിപാടികളിലൂടെ ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങൾ അദ്ദേഹം എടുത്തുകാട്ടി. തീരദേശ വിനോദസഞ്ചാരവും സമുദ്ര വിനോദസഞ്ചാരവും അഭിവൃദ്ധി പ്രാപിക്കുമ്പോൾ, സമുദ്രത്തിൻ്റെ ആവാസവ്യവസ്ഥയിൽ അതിൻ്റെ സുപ്രധാന പങ്ക് നിറവേറ്റുന്നതിന് സമുദ്രജീവികളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം കൂടുതൽ വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപസംഹാരമായി, സമുദ്രം സംരക്ഷിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സർക്കാരുകൾ, സംഘടനകൾ, ബിസിനസ്സുകൾ, വ്യക്തികൾ എന്നിവയ്ക്കിടയിൽ ബോധവൽക്കരണവും സഹകരണവും വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും പാനൽ ചർച്ച ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ