വിയന്ന, 12 ജൂൺ 2024 (WAM) - -വിയന്ന സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഓസ്ട്രിയയുടെ ചാൻസലർ കാൾ നെഹാമറുമായി കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗിൻ്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ആശംസകൾ ശൈഖ് അബ്ദുല്ല ചാൻസലർ നെഹാമറിന് അറിയിക്കുകയും ഓസ്ട്രിയയ്ക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ചാൻസലർ നെഹാമർ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിവാദ്യം ചെയ്യുകയും യുഎഇയുടെ തുടർച്ചയായ പുരോഗതിക്കും വികസനത്തിനും ആശംസകൾ അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധങ്ങൾ അദ്ദേഹം സ്ഥിരീകരിച്ചു.
ശൈഖ് അബ്ദുല്ലയും ചാൻസലർ നെഹാമറും യുഎഇയും ഓസ്ട്രിയയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും സാമ്പത്തിക, വാണിജ്യ, നിക്ഷേപം, വ്യാവസായിക, സാംസ്കാരിക, ഊർജം, നൂതന ശാസ്ത്രം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും സഹകരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഈ വർഷം നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ചരിത്രപരമായ പാതയും അവർ അവലോകനം ചെയ്തു.
ഓസ്ട്രിയയുമായുള്ള ബന്ധം അഞ്ച് പതിറ്റാണ്ടുകളായി വളർച്ചയുടെയും വികാസത്തിൻ്റെയും നിരവധി നാഴികക്കല്ലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് യുഎഇ ഉന്നത നയതന്ത്രജ്ഞൻ ഊന്നിപ്പറഞ്ഞു. സമഗ്രമായ വികസനവും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും ഇരു രാജ്യങ്ങൾക്കും അവരുടെ ജനതയ്ക്കും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന തരത്തിൽ പരസ്പര വിശ്വാസത്തിൻ്റെയും ബഹുമാനത്തിൻ്റെയും പങ്കിട്ട താൽപ്പര്യങ്ങളുടെയും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിശിഷ്ട ബന്ധങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഓസ്ട്രിയയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം രണ്ട് രാജ്യങ്ങളുടെയും വികസന കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്ന നിരവധി മേഖലകളിൽ ഉഭയകക്ഷി സഹകരണ പാതകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
WAM/അമൃത രാധാകൃഷ്ണൻ