ശനിയാഴ്ച മുതൽ 'മിഡ്‌ഡേ ബ്രേക്ക്' നിയന്ത്രണം നടപ്പിലാക്കാൻ യുഎഇ

ദുബായ്, 13 ജൂൺ 2024 (WAM) --യുഎഇ തുടർച്ചയായ ഇരുപതാം വർഷവും നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ഔട്ട്‌ഡോർ ജോലി ചെയ്യുന്നതിനുള്ള നിരോധനം ശനിയാഴ്ച ഉച്ചക്ക് 12:30 മുതൽ വൈകീട്ട് 3:00 വരെ നടപ്പിലാക്കുന്നു. ഈ തീരുമാനം രാജ്യത്തെ തൊഴിൽ നിയമനിർമ്മാണത്തിൻ്റെ ഭാഗമാണ്. മികച്ച സമ്പ്രദായങ്ങളും തൊഴിൽപരമായ ആരോഗ്യ സുരക്ഷാ ആവശ്യകതകളും പാലിക്കുന്ന സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്നുള്ള പരിക്കുകളും നാശനഷ്ടങ്ങളും തടയുന്നതിനുമായാണ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) മിഡ്‌ഡേ ബ്രേക്ക് നടപ്പിലാക്കുന്നത്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 8:00 മുതൽ വൈകീട്ട് 8:00 വരെ വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന 600590000 എന്ന കോൾ സെൻ്റർ വഴിയും മന്ത്രാലയത്തിൻ്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. മിഡ്‌ഡേ ബ്രേക്ക് ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വരെയും ഒന്നിലധികം തൊഴിലാളികൾക്ക് പരമാവധി 50,000 ദിർഹം വരെയും അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും.

യുഎഇയിലുടനീളമുള്ള ഡെലിവറി സേവന തൊഴിലാളികൾക്കായി സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യമേഖലാ കമ്പനികളുമായും സഹകരിച്ച് 6,000 വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. മാനവ വിഭവശേഷി മന്ത്രാലയം, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ, യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ, തലാബത്ത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ സംരംഭം.


WAM/അമൃത രാധാകൃഷ്ണൻ