ദുബായ്, 13 ജൂൺ 2024 (WAM) -- 'ലിംഗസമത്വം: ആഗോള പരിവർത്തനങ്ങൾ നാവിഗേറ്റ് ചെയ്യുക' എന്ന വിഷയത്തിൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) ജൂൺ 10, 11 തീയതികളിൽ പാരീസിൽ സംഘടിപ്പിച്ച ഫോറത്തിൽ യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ (യുഎഇ ജിബിസി) പങ്കെടുത്തു. ഈ സുപ്രധാന ഫോറം ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ, സ്വകാര്യ മേഖല, അന്താരാഷ്ട്ര സംഘടനകൾ, വിദഗ്ധർ, സിവിൽ സമൂഹം എന്നിവയിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നു.
യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ വൈസ് പ്രസിഡൻറ് മോന ഗാനേം അൽ മർറി, 'ഇൻക്ലൂസീവ് ഗ്ലോബൽ ട്രാൻസിഷനുകൾക്കായുള്ള ഗവൺമെൻ്റ് ടൂളുകളും ഡാറ്റയും പ്രയോജനപ്പെടുത്തുക' എന്ന ഒഇസിഡി സെഷനിൽ പങ്കെടുത്തു. ലിംഗസമത്വം കൈവരിക്കുന്നതിനും വെല്ലുവിളികളെ തരണം ചെയ്യുന്നതിനും സർക്കാരുകൾക്ക് ഹരിത, ഡിജിറ്റൽ പരിവർത്തനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാമെന്ന് സെഷൻ ചർച്ച ചെയ്തു. നയങ്ങൾ, പ്രോഗ്രാമുകൾ, സംരംഭങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവയ്ക്ക് ലിംഗ വ്യത്യാസങ്ങൾ നികത്താനും ഹരിത, ഡിജിറ്റൽ അജണ്ടകൾ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ ബജറ്റിംഗ് ഉറപ്പാക്കാനും കഴിയുന്നതെങ്ങനെയെന്ന് ഫോറം ചർച്ച ചെയ്തു. സെഷനിൽ മിഷേൽ ബാച്ചലെറ്റ്, എൽസ പിലിചൗസ്‌കി, എലിസബത്ത് ബൗം-ഷ്‌നൈഡർ, റെനാറ്റ വർഗാസ് അമരൽ, യംഗ് ടെയ് കിം, മരിയ ഡെൽ പിലാർ ഗാരിഡോ ഗോൺസാലോ, സൂസൻ സ്‌നൈഡർ തുടങ്ങിയ സ്‌പീക്കർമാർ പങ്കെടുത്തു. ബ്രിട്ടീഷ് ടിവി അവതാരക ഫെമി ഒകെ ചർച്ച നിയന്ത്രിച്ചു. ആഗോളതലത്തിൽ, പ്രത്യേകിച്ച് സാങ്കേതികവിദ്യ, പരിസ്ഥിതി, സുസ്ഥിരത, ഹരിത സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ലിംഗ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അൽ മാരി ഊന്നിപ്പറഞ്ഞു.
വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും ഹരിത, ഡിജിറ്റൽ പരിവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും യുഎഇ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ഹരിത, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെ വിവിധ മേഖലകളിലുടനീളം എമിറാത്തി സ്ത്രീ ശാക്തീകരണവും ലിംഗ സന്തുലിതാവസ്ഥയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് തന്ത്രം. തീരുമാനമെടുക്കൽ, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയിൽ സ്ത്രീകളുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ നാലാം വ്യാവസായിക വിപ്ലവത്തിൽ ലിംഗ സന്തുലിതാവസ്ഥയ്ക്കുള്ള ചട്ടക്കൂടും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യകളിൽ എമിറാത്തി വനിതകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി നാഷണൽ പ്രോഗ്രാം ഫോർ കോഡേഴ്‌സും ആരംഭിച്ചിട്ടുണ്ട്. 'വിമൻ ഇൻ സസ്റ്റൈനബിലിറ്റി, എൻവയോൺമെൻ്റ്, റിന്യൂവബിൾ എനർജി (WiSER)' സംരംഭം കഴിവുള്ള സ്ത്രീകളെ പിന്തുണയ്ക്കുകയും സുസ്ഥിരതയ്ക്കും പുനരുപയോഗിക്കാവുന്ന ഊർജ്ജ നേതൃത്വത്തിനും അവരെ സജ്ജമാക്കുകയും ചെയ്യുന്നു.
യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ, ഹരിത, ഡിജിറ്റൽ പരിവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബജറ്റ് ഫലപ്രാപ്തി ഉറപ്പാക്കുന്നതിന് ധനമന്ത്രാലയവുമായി സഹകരിച്ച് ജെൻഡർ-റെസ്‌പോൺസീവ് ബജറ്റ് പ്രോജക്റ്റിൽ പ്രവർത്തിച്ചു വരികയാണ്. സ്റ്റം മേഖലകളിൽ സ്ത്രീകളെ ബോധവത്കരിക്കുന്നതിനും ഹരിത വ്യവസായങ്ങളിലെ നേതാക്കളായി അവരെ പരിശീലിപ്പിക്കുന്നതിനും ഫണ്ട് അനുവദിക്കേണ്ടതിൻ്റെ പ്രാധാന്യം മോന അൽ മാരി ഊന്നിപ്പറഞ്ഞു. ജെൻഡർ ബാലൻസ് ഗൈഡ് സമാരംഭിച്ചും വിപുലമായ ആഗോള ലിംഗ സന്തുലിത സമ്പ്രദായങ്ങൾക്കായി ഒരു ടൂൾകിറ്റ് വികസിപ്പിച്ചെടുത്തും കൗൺസിൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റുമായുള്ള (ഒഇസിഡി) പങ്കാളിത്തം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായും ആഗോളമായും ലിംഗ സന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഫോറത്തിൽ ഇരുപക്ഷവും ആവർത്തിച്ചു.
WAM/അമൃത രാധാകൃഷ്ണൻ