എമിറേറ്റ്‌സ് എയർലൈൻ ഗ്രൂപ്പിൻ്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി

ദുബായ്, 19 ജൂൺ 2024 (WAM) --ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റ്‌സ് എയർലൈനിൻ്റെയും ഗ്രൂപ്പിൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ദുബായിലെ യൂണിയൻ ഹൗസിൽ കൂടിക്കാഴ്ച നടത്തി. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റും എമിറേറ്റ്സ് എയർലൈൻ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അടുത്ത കാലത്തായി എമിറേറ്റ്‌സ് കൈവരിച്ച റെക്കോർഡ് ഫലങ്ങളെ യോഗത്തിൽ ശൈഖ് മുഹമ്മദ് പ്രശംസിച്ചു, ദുബായിയെ ആഗോള ബിസിനസ്സ് ഹബ്ബായും നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള മുൻനിര ലക്ഷ്യസ്ഥാനം എന്ന നിലയിലുള്ള പദവി ഉറപ്പിക്കുന്നതിലെ ഐയർലൈനിന്റെ പങ്ക് യോഗം എടുത്തുകാണിച്ചു. ദുബായുടെ സാമ്പത്തിക ശൃംഖലകൾ വിപുലീകരിക്കുന്നതിനും 2033-ഓടെ എമിറേറ്റിൻ്റെ വിദേശ വ്യാപാര അളവ് ഇരട്ടിയാക്കുന്നതിനുമായി എയർ ട്രാൻസ്‌പോർട്ട് വ്യവസായ കഴിവുകൾ പ്രയോജനപ്പെടുത്തി ദുബായ് സാമ്പത്തിക അജണ്ട, ഡി33 ൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ എമിറേറ്റ്‌സിൻ്റെ നിർണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

എമിറേറ്റ്‌സിൻ്റെ ഭാവി പദ്ധതികളെക്കുറിച്ചും അവരുടെ എയർക്രാഫ്റ്റ് ഫ്‌ളീറ്റ് വിപുലീകരിക്കുക, നിലവിലുള്ള വിമാനങ്ങൾ നവീകരിക്കുക, ഹോസ്പിറ്റാലിറ്റി, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കഴിവുകൾ വർധിപ്പിക്കുക, നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക, പരിശീലന, ജീവനക്കാരുടെ വികസന പരിപാടികൾ വിപുലീകരിക്കുക തുടങ്ങിയ പ്രധാന സംരംഭങ്ങളെ കുറിച്ച് ശൈഖ് അഹമ്മദ് ബിൻ സയീദ് ശൈഖ് മുഹമ്മദിന് വിശദീകരിച്ചു.

എമിറേറ്റ്‌സ് എയർലൈൻ ഗ്രൂപ്പിൻ്റെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമുള്ള ഒരു അനുസ്മരണ ഫോട്ടോയോടെ യോഗം അവസാനിച്ചു, അവരുടെ ഉത്തരവാദിത്തങ്ങളിലും മികവ് കൈവരിക്കാനുള്ള ശ്രമങ്ങളിലും ശൈഖ് മുഹമ്മദ് ഉദ്യോഗസ്ഥർക്ക് വിജയാശംസകൾ നേർന്നു.

WAM/അമൃത രാധാകൃഷ്ണൻ