2024 ആദ്യ പകുതിയിൽ 4,474 സ്‌കൂട്ടറുകളും സൈക്കിളുകളും ദുബായ് പോലീസ് കണ്ടുകെട്ടി

ദുബായ്, 20 ജൂൺ 2024 (WAM) -- ട്രാഫിക് അവബോധം വളർത്തുന്നതിനും റോഡ് ഉപയോക്താക്കൾക്കിടയിൽ സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സേനയുടെ പ്രതിബദ്ധത,ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി, ഊന്നിപ്പറഞ്ഞു.

തീവ്രമായ ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാൻ ദുബായ് പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അൽ ഗൈതി പറഞ്ഞു.

"ഈ പ്രവർത്തനങ്ങൾ ട്രാഫിക് നിയമലംഘനങ്ങളെയും അശ്രദ്ധമായ ഡ്രൈവർമാരെയും ലക്ഷ്യമിടുന്നു, ഇത് സുരക്ഷിതമായ റോഡുകൾക്കും മരണങ്ങൾ കുറയ്ക്കുന്നതിനും കാരണമാകുന്നു," അദ്ദേഹം പറഞ്ഞു.

ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ പ്രധാനമായും അനധികൃത സ്ഥലങ്ങളിലോ പൊതു റോഡുകളിലോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകൾ അൽ ഗൈതി എടുത്തുകാണിച്ചു. പതിവ് ബോധവൽക്കരണ കാമ്പെയ്‌നുകൾ വഴി റൈഡർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്‌ക്ക് ദുബായ് പോലീസ് മുൻഗണന നൽകുന്നതായി, അദ്ദേഹം വ്യക്‌തമാക്കി.

2024 ൻ്റെ ആദ്യ പകുതിയിൽ, ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ ഉൾപ്പെട്ട അപകടങ്ങളിൽ നാല് മരണങ്ങൾ, ഒരാൾക്ക് ഗുരുതരമായ പരിക്ക്, 19 പേർക്ക് മിതമായ പരിക്കുകൾ, അഞ്ച് ചെറിയ പരിക്കുകൾ എന്നിവയ്ക്ക് കാരണമായി. 7804 നിയമലംഘനങ്ങൾ രേഖപ്പെടുത്തി, 4474 സ്കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടി.

മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലുള്ള വേഗപരിധിയുള്ള റോഡുകളിൽ വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഓടിക്കുക, ഇ-സ്കൂട്ടറിൽ യാത്രക്കാരെ കയറ്റുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കുള്ള വിവിധ പിഴകൾ അൽ ഗൈതി വിശദീകരിച്ചു.

നിയുക്ത പാതകൾ ഉപയോഗിക്കുക, ഉചിതമായ വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിക്കുക, രാത്രിയിലോ പ്രതികൂല കാലാവസ്ഥയിലോ സവാരി ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൈക്കിൾ യാത്രക്കാർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും നിയുക്ത പാതകൾ ഉപയോഗിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും അൽ ഗൈതി അഭ്യർത്ഥിച്ചു. 'പോലീസ് ഐ' സേവനത്തിലൂടെയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ 'വി ആർ ഓൾ പോലീസ്' സേവനത്തിലൂടെയോ എന്തെങ്കിലും നെഗറ്റീവ് പ്രതിഭാസങ്ങളോ അപകടകരമായ പെരുമാറ്റങ്ങളോ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ