ആഗോള നിക്ഷേപത്തിൽ ശക്തിതെളിയിച്ച് യുഎഇ

അബുദാബി, 2024 ജൂൺ 24 (WAM) - കഴിഞ്ഞവർഷം ആഗേളതലത്തിൽ വിദേശ നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും അറബ് രാജ്യങ്ങളിലേക്ക് നടന്ന മൊത്തം വിദേശ നിക്ഷേപത്തിൻ്റെ (എഫ്‍ഡിഎ) 45.4 ശതമാനം അഥവാ 248.3 ബില്യൺ ദിർഹം സ്വന്തമാക്കി യുഎഇ. നിക്ഷേപ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുഎഇ ആഗോള സമ്പദ്‌വ്യവസ്ഥയിലെ സ്ഥാനം ശക്തിപ്പെടുത്തി.

യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് വേൾഡ് ഇൻവെസ്റ്റ്‌മെൻ്റിൻെറ 2024-ലെ റിപ്പോർട്ട് അനുസരിച്ച് യുഎഇ എഫ്‍ഡിഎ ഒഴുക്കിൽ 35 ശതമാനം കുതിപ്പ് നേടി.

യുഎഇയുടെ പുത്തൻ ബിസിനസ് തന്ത്രം ഫലിച്ചതോടെ എഫ്‍ഡിഎ നിക്ഷേപങ്ങൾ ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി രാജ്യം.

വിദേശ നിക്ഷേപത്തിൻ്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്ന വിപുലമായ നിക്ഷേപ നിയമങ്ങളും നയങ്ങളുമാണ് യുഎഇ പിന്തുടരുന്നത്. വാണിജ്യ കമ്പനി നിയമത്തിലെ ഭേദഗതികൾ വിദേശ നിക്ഷേപകർക്ക് കമ്പനികൾ സ്ഥാപിക്കാനും പൂർണ്ണമായി സ്വന്തമാക്കാനും അനുവദിക്കുന്നു. ഈ ഭേദഗതി ഒന്നര വർഷത്തിനുള്ളിൽ 275,000 പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കി, 2023 അവസാനത്തോടെ മൊത്തം കമ്പനികളുടെ എണ്ണം 788,000 ആയി ഉയർന്നു.

ജിഡിപി 3 ട്രില്യൺ ദിർഹമായും, വിദേശ വ്യാപാരം 4 ട്രില്യൺ ദിർഹമായും ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘ഞങ്ങൾ യുഎഇ 2031ൻെറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവിധ സർക്കാർ, സ്വകാര്യ മേഖലകളുടെ ഒന്നിച്ചുള്ള പ്രവർത്തനം യുഎഇ തുടരും.

2023-ൽ ഗ്രീൻഫീൽഡ് എഫ്‍ഡിഎ പദ്ധതി പ്രഖ്യാപനങ്ങളിലും യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.