ഹോം നഴ്സിംഗ് സേവനത്തിനായി മെഡിക്കൽ കമ്മിറ്റി രൂപീകരിക്കാൻ എസ്ഇസി

ഷാർജ, 2 ജൂലൈ 2024 (WAM) --ഷാർജയിൽ ഹോം നഴ്സിംഗ് സേവനങ്ങൾക്കായി ഒരു മെഡിക്കൽ കമ്മിറ്റി രൂപീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ഡോ. മറിയം ഈസ അൽ അലിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റി രൂപീകരിക്കുക. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ (എസ്ഇസി) പ്രതിവാര യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്‌.

സർക്കാർ ജോലികൾ, സേവനം മെച്ചപ്പെടുത്തൽ, വികസന പദ്ധതി നിരീക്ഷണം തുടങ്ങിയ വിഷയങ്ങളും യോഗം അജണ്ടയിൽ ഉൾപ്പെടുത്തി.

ഖത്തറിലെ ദോഹയിൽ നടക്കുന്ന ഗൾഫ് ഭവന വാരാചരണത്തിൻ്റെ രണ്ടാം പതിപ്പിൽ ഭവന വകുപ്പിൻ്റെ പങ്കാളിത്തം കൗൺസിൽ അവലോകനം ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ വിജ്ഞാന വിനിമയത്തിലൂടെയും സഹകരണത്തിലൂടെയും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശുപാർശകൾ പരിഗണിക്കുകയും ചെയ്തു.

ഇന്ത്യൻ മഹാസമുദ്രത്തിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും കടലാമകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കൽബ കണ്ടൽ സംരക്ഷണ കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത് കൗൺസിൽ അവലോകനം ചെയ്തു.