അബുദാബി, 2 ജൂലൈ 2024 (WAM) -- സുസ്ഥിര വർഷത്തിനും അബുദാബി കാലാവസ്ഥ വ്യതിയാന തന്ത്രത്തിനും അനുസൃതമായി, കാലാവസ്ഥ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിന് തീരദേശ ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒരു പരിപാടി ആരംഭിക്കുന്നതിന് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) ടോട്ടൽ എനർജീസുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇഎഡിയുടെ സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരിയും യുഎഇയിലെ ടോട്ടൽ എനർജീസ് ഇപി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെയും ടോട്ടൽ എനർജീസ് കൺട്രി ചെയർ പ്രസിഡൻ്റുമായ സമീർ ഒമറുമാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
അബുദാബിയുടെ തീരദേശ ആവാസവ്യവസ്ഥകളുടെ ഗവേഷണം, നിരീക്ഷണം, വിലയിരുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. കണ്ടൽ മരങ്ങളുടെ റൂട്ട് സിസ്റ്റത്തെ അനുകരിക്കുന്ന റൂട്ട് മോഡലുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയും പുനരുദ്ധാരണ പരിഹാരങ്ങളും പദ്ധതിയിൽ ഉപയോഗിക്കും. ഈ മോഡലുകൾ പ്രവാഹങ്ങളെ ലഘൂകരിക്കാനും തിരമാലകളുടെ പ്രവർത്തനത്തെ ചെറുക്കാനും ബീച്ച് മണ്ണൊലിപ്പ് കുറയ്ക്കാനും സഹായിക്കും, അതേസമയം അകശേരുക്കളെയും മത്സ്യങ്ങളെയും ആകർഷിക്കുകയും ചെയ്യും. ഈ പങ്കാളിത്തത്തിൻ്റെ ഭാഗമായി വികസിപ്പിച്ച പഠനത്തിൻ്റെ ഫലവും നേട്ടങ്ങളും യുഎൻ സുസ്ഥിര വികസന ലക്ഷ്യം 14-ൻ്റെ റിപ്പോർട്ടിംഗ് പ്രക്രിയയുടെ ഭാഗമാകും.
തീരദേശ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഈ ആവാസവ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിന് സുസ്ഥിര സ്കൂൾ ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളെ പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ പ്രാധാന്യം
ആഗോളതലത്തിൽ എത്തിക്കാൻ പുനരുദ്ധാരണത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുകയും പദ്ധതിയുടെ നേട്ടങ്ങൾ ഒരു ഡോക്യുമെൻ്ററി ഫിലിമിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
അബുദാബിയിലെ തീരദേശ ആവാസവ്യവസ്ഥയുടെ നില വിലയിരുത്താനും കാർബൺ വേർതിരിക്കൽ നിരക്ക് വിശകലനം ചെയ്യാനും പ്രാദേശികമായ തീരദേശ ആവാസവ്യവസ്ഥകൾക്ക് ബാധകമായ പുനരുദ്ധാരണ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ഡോ. ശൈഖ സലേം അൽ ദഹേരി അഭിപ്രായപ്പെട്ടു.
മികച്ച അന്താരാഷ്‌ട്ര സമ്പ്രദായങ്ങൾ പിന്തുടരുന്ന തീരദേശ ആവാസവ്യവസ്ഥയുടെ കാലാനുസൃതമായ അവസ്ഥ, ആരോഗ്യ വിലയിരുത്തൽ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും. പങ്കാളികൾ, കൺസൾട്ടൻ്റുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഗവേഷണ കമ്മ്യൂണിറ്റികൾ എന്നിവയ്ക്കായി പുനഃസ്ഥാപന മാർഗ്ഗനിർദ്ദേശങ്ങളും പദ്ധതി വികസിപ്പിക്കും.