‘നേച്ചേഴ്‌സ് റെസിലിയൻസ്’ പുനരാരംഭിച്ച് യുഎഇ

അബുദാബി, 2024 ജൂലൈ 03 (WAM) - പ്രകൃതിയെയും പരിസ്ഥിതിയെയും കൂടുതൽ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ യുഎഇ എമിറേറ്റ്‌സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫ് ‘നേച്ചേഴ്‌സ് റെസിലിയൻസ്' എന്ന പേരിൽ വേനൽക്കാല പരിശീലന ക്ലാസുകൾ ആരംഭിച്ചു.

ലീഡേഴ്‌സ് ഓഫ് ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടി, സുസ്ഥിരമായ ഭാവിയിക്ക് പാരിസ്ഥിതിക സന്തുലിതാവസ്ഥ എത്ര പ്രധാനമാണെന്നുള്ള അറിവ് പുതിയ തലമുറയ്ക്ക് നൽകുന്നു.

10 ആകർഷകമായ സെഷനുകളിലൂടെ നേച്ചേഴ്‌സ് റെസിലിയൻസ് യുഎഇയിലെ പാരിസ്ഥിതിക ജീവിതത്തിൻ്റെ ഒരു വെർച്വൽ രുപം അവതരിപ്പിക്കും.

വിസ്തൃതമായ മരുഭൂമിയും, മരുപ്പച്ചകളും, ശുദ്ധജല ആവാസ വ്യവസ്ഥകളും തീരപ്രദേശങ്ങളും മുതൽ പങ്കെടുക്കുന്നവർക്ക് മുമ്പെങ്ങുമില്ലാത്തവിധം പ്രാദേശിക അറിവ് നേടാനും, ജൈവവൈവിധ്യവും, കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കാനും കഴിയും.

കൂടാതെ ഈ ക്ലാസുകളിലൂടെ പരിസ്ഥിതി വിദഗ്ധരെയും പ്രാദേശിക സംരക്ഷണ ശ്രമങ്ങളെയും എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ച് സമൂഹത്തിന് മികച്ച ധാരണ ലഭിക്കും. ഏഴ് സെഷനുകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇ പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത സർട്ടിഫിക്കറ്റ് ലഭിക്കും.

കഴിഞ്ഞ വേനൽക്കാലത്തെ കാലാവസ്ഥാ പരിശീലന പരമ്പരയുടെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള നേച്ചേഴ്‌സ് റെസിലിയൻസ് പുനരാരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫ് കൺസർവേഷൻ ഔട്ട്റീച്ച് ആൻഡ് സിറ്റിസൺ സയൻസ് മേധാവി അറബെല്ല വില്ലിംഗ് പറഞ്ഞു.

ഈ ക്ലാസുകൾ പ്രവർത്തന-അധിഷ്‌ഠിതമാണെന്ന് പറഞ്ഞ അദ്ദേഹം, വേനൽക്കാലത്തിനു ശേഷം പുനരാരംഭിക്കുന്ന സിറ്റിസൺ സയൻസ്, കൺസർവേഷൻ ഫീൽഡ് ട്രിപ്പുകൾ എന്നിവയിൽ സ്വാധീനം ചെലുത്താൻ ഈ സീരീസ് സമൂഹത്തെ സജ്ജമാക്കുന്നു എന്നും വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ സീരീസിൽ ക്ലൈമറ്റ് ഫ്രെസ്ക്, ഫുഡ് ഫോർ തോട്ട്, പ്ലാനറ്ററി ബൗണ്ടറീസ് തുടങ്ങിയ സെഷനുകൾ ഉണ്ടായിരുന്നുവെങ്കിലും ഈ വർഷം യുഎഇയുടെ സവിശേഷമായ ജൈവവൈവിധ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.