എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ റാക് ഭരണാധികാരി നയിക്കും

അസ്താന, 3 ജൂലൈ 2024 (WAM) --കസാക്കിസ്ഥാനിലെ അസ്താനയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു വേണ്ടി സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി നയിക്കും. രാഷ്ട്രത്തലവന്മാർ, സർക്കാർ, പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പങ്കാളിത്തത്തോടെ, 'ബഹുരാഷ്ട്ര സംവാദം ശക്തിപ്പെടുത്തൽ - സുസ്ഥിര സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള പരിശ്രമം' എന്ന തലക്കെട്ടിലുള്ള ദ്വിദിന ഉച്ചകോടി ജൂലൈ 3 മുതൽ 4 വരെ നടക്കും.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന സംഘടനയുടെ യോഗങ്ങളിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) ഔദ്യോഗികമായി 'ഡയലോഗ് പാർട്ണർ' പദവി ലഭിച്ചതിന് ശേഷമാണ് ഉച്ചകോടിയിൽ യുഎഇയുടെ പങ്കാളിത്തം.

ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി, സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയീഗ് എന്നിവരും നിരവധി ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഉന്നതതല പ്രതിനിധി സംഘം.

യുഎഇ പ്രതിനിധി സംഘത്തെ കസാഖ് മന്ത്രി ഷാസ്ലൻ മദിയേവ്, യുഎഇ അംബാസഡർ മുഹമ്മദ് സയീദ് അലരിഖി, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അസ്താന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.

2001-ൽ സ്ഥാപിതമായ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ, രാഷ്ട്രീയം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അംഗരാജ്യങ്ങൾക്കിടയിൽ വിശ്വാസവും സഹകരണവും സമാധാനവും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.