കമ്മ്യൂണിറ്റി വികസനത്തിൻ്റെ പുതിയ യുഗം: അബുദാബി എമിറാത്തി ഫാമിലി ഗ്രോത്ത് സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചു

അബുദാബി, 8 ജൂലൈ 2024 (WAM) --അബുദാബി സാമൂഹ്യ വികസന വകുപ്പ്(ഡിസിഡി) എമിറാത്തി കുടുംബങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി എമിറാത്തി ഫാമിലി ഗ്രോത്ത് സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചു. എമിറാത്തി പൗരന്മാരെ വിവാഹം ചെയ്യാനും കുട്ടികളെ വളർത്താനും സുസ്ഥിരമായ കുടുംബങ്ങൾ കെട്ടിപ്പടുക്കാനും കുടുംബവും സാമൂഹികവുമായ ഐക്യത്തിന് സംഭാവന നൽകാനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആറ് സംരംഭങ്ങൾ ഉൾപ്പെടുന്നതാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ച പരിപാടി. കുടുംബ രൂപീകരണം, വളർച്ച, സ്ഥിരത എന്നിവ പരിപോഷിപ്പിക്കുന്നതിലൂടെ മുഴുവൻ രാജ്യത്തിനും സുസ്ഥിരമായ ഭാവി എന്ന യുഎഇയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

2028 വരെ നീളുന്ന ലക്ഷ്യങ്ങളോടെ, കുടുംബ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള അബുദാബിയുടെ തന്ത്രവുമായി ഈ സംരംഭം ഒത്തുചേരുന്നു. അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി, അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി, അബുദാബി ഹൗസിംഗ് അതോറിറ്റി തുടങ്ങിയ പങ്കാളികൾ ചേർന്ന് നടപ്പിലാക്കുന്ന പ്രോഗ്രാമിൻ്റെ മേൽനോട്ടം അബുദാബി സാമൂഹ്യ വികസന വകുപ്പ് വഹിക്കും.

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും, കിരീടാവകാശിയുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകരിച്ച ഈ പരിപാടി എമിറേറ്റിലെ സാമൂഹ്യ വികസന വകുപ്പ് ആരംഭിച്ച അബുദാബി ഫാമിലി വെൽബിയിംഗ് സ്‌ട്രാറ്റജിയുടെ ഭാഗമാണ്. വിവാഹ വായ്പാ സംരംഭം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള പ്രസവാവധി പിന്തുണ, പുതിയ അമ്മമാരെ പിന്തുണയ്ക്കുന്നതിനുള്ള ഹോം വിസിറ്റ് സർവീസ് തുടങ്ങിയ സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
അബുദാബി ഹൗസിംഗ് അതോറിറ്റി നവദമ്പതികൾക്ക് നൽകുന്ന വാർഷിക വാടക സഹായം, ഹൗസിംഗ് ലോൺ തിരിച്ചടവ് കാലാവധി നീട്ടൽ, നാലോ അതിലധികമോ കുട്ടികളുള്ള ഗുണഭോക്താക്കൾക്കുള്ള ലോൺ ഭാഗിക കിഴിവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

"എമിറാത്തി കുടുംബങ്ങൾക്ക് മാന്യമായ ജീവിത നിലവാരം നൽകാനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം ഉയർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള ഡിസിഡിയുടെ ശ്രമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഈ സംരംഭം," സാമൂഹ്യ വികസന വകുപ്പ് ചെയർമാൻ ഡോ. മുഗീർ അൽ ഖൈലി പറഞ്ഞു.സമൂഹം കെട്ടിപ്പടുക്കുന്നതിൽ കുടുംബത്തിൻ്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പിന്തുണാ സംവിധാനം നൽകിക്കൊണ്ട് യുവാക്കളെയും വിവാഹിതരാകാൻ പോകുന്നവരെയും പിന്തുണയ്ക്കാൻ അബുദാബി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിറ്റി മേഖലയിലെ സ്ഥാപനങ്ങളുമായും സാമൂഹ്യ വികസന വകുപ്പുമായും സഹകരിച്ച് എമിറാത്തി കുടുംബത്തിൻ്റെ വളർച്ചാ പദ്ധതി നടപ്പാക്കുമെന്ന് അബുദാബി ഹൗസിംഗ് അതോറിറ്റി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു. സമൂഹത്തിൻ്റെ ക്ഷേമവും എമിറാത്തി കുടുംബത്തിൻ്റെ സുസ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾക്കും അവരുടെ അഭിലാഷങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത, അദ്ദേഹം എടുത്തുകാട്ടി.

സമൂഹത്തിൽ കുടുംബത്തിൻ്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന് എല്ലാ പങ്കാളികളിൽ നിന്നുമുള്ള സംയോജിത ശ്രമങ്ങളുടെ ആവശ്യകത അബുദാബി സാമൂഹ്യ വികസന വകുപ്പ് അണ്ടർസെക്രട്ടറി ഹമദ് അലി അൽ ദഹേരി ഊന്നിപ്പറഞ്ഞു. എമിറാത്തി കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ സഹകരണവും ഐക്യദാർഢ്യവും വർദ്ധിപ്പിക്കുന്നതിന്, നിർദ്ദിഷ്ട മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രോഗ്രാമിനുള്ളിൽ സഹായ സംരംഭങ്ങൾ നൽകുമെന്നും, അദ്ദേഹം വ്യക്തമാക്കി.