ഷാർജ, 9 ജൂലൈ 2024 (WAM) --യുഎഇ ജനതയുടെ വിലയേറിയ മഞ്ഞ ലോഹത്തോടുള്ള ശാശ്വതമായ ആകർഷണത്തിൻ്റെ തെളിവാണ് ഷാർജയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോൾഡ് സൂക്ക്. പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും സമൃദ്ധിയുടെയും ഒരിടമെന്ന അതിൻറെ ചരിത്രപരമായ പദവിയാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. യുഎഇയുടെ അഞ്ച് ദിർഹം കറൻസിയിൽ അച്ചടിച്ച സൂഖ്, ഇസ്ലാമിക ലിഖിതങ്ങളും നീല നിറങ്ങളും കൊണ്ട് അലങ്കരിച്ച സ്റ്റീം ട്രെയിൻ രൂപകൽപ്പനയുള്ള ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. വാസ്തുവിദ്യയിലെ ഈ നീല നിറത്തിന്റെ ആധിക്യമാണ് ബ്ലൂ സൂക്ക് എന്ന പേര് കെട്ടിടത്തിന് നേടിക്കൊടുത്തത്.
എട്ട് ബാൽക്കണികളുള്ള രണ്ട് പ്രധാന കെട്ടിടങ്ങളും അവയെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും ഉൾക്കൊള്ളുന്നതാണ് സൂക്ക്. കെട്ടിടത്തിന്റെ ഒരു ഭാഗം സ്വർണ്ണത്തിലും, മറ്റേ ഭാഗം പരവതാനികൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകദേശം 600 ഷോപ്പുകളുള്ള സൂക്ക്, പ്രാദേശിക സ്വർണ്ണ വ്യാപാരികൾക്കും കരകൗശല വിദഗ്ധർക്കും അവരുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതിനും നഗരത്തിൻ്റെ സാമ്പത്തിക ഭൂപ്രകൃതിയിൽ സംഭാവന നൽകുന്നതിനുമുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു.
സമീപ വർഷങ്ങളിൽ, ഉപഭോക്താക്കളുടെ മാറുന്ന മുൻഗണനകളും ഷോപ്പിംഗ് ശീലങ്ങളും ഉൾക്കൊള്ളുന്നതിനായി ഗോൾഡ് സൂക്ക് വികസിച്ചു. പരമ്പരാഗത ഡിസൈനുകൾ തുടരുമ്പോൾ, കൂടുതൽ ആഗോളവൽക്കരിക്കപ്പെട്ട ഉപഭോക്താക്കൾക്കായി ആധുനികവും സമകാലികവുമായ ഡിസൈനുകൾ സൂക്ക് അവതരിപ്പിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവിടെ സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയുടെ വ്യാപാരികൾക്കായി 727 ബിസിനസ് ലൈസൻസുകൾ അനുവദിച്ചതായി ഷാർജ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ എണ്ണത്തിൽ 138% വർധനവാണ് ഇത് രേഖപ്പെടുത്തുന്നത്.
1965-ൽ സ്ഥാപിതമായ ജിജി ആൻഡ് സൺസ് ജ്വല്ലറി, ഗോൾഡ് സൂക്കിലെ സ്വർണവ്യാപാരത്തിലെ മുൻനിരക്കാരാണ്. ഇവിടെ നിന്ന് തുടക്കം കുറിച്ച ഈ ജ്വല്ലറി ഉടമകൾക്ക് ഇപ്പോൾ യുഎഇയിൽ ഉടനീളം
ആറ് ശാഖകളാണുള്ളത്.
ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടും ഷാർജ ഗോൾഡ് മാർക്കറ്റ്, ഷോപ്പർമാരെയും സന്ദർശകരെയും ആകർഷിക്കുന്നത് തുടരുന്നു. ചില വിപണികളിൽ സ്വർണ്ണാഭരണങ്ങൾക്കുള്ള ഡിമാൻഡ് കുറയുന്നുണ്ടെങ്കിലും, പ്രത്യേക അവസരങ്ങളിലും അവധി ദിവസങ്ങളിലും സൂക്കിലെ സ്വർണ്ണ വ്യാപാരികൾ മാറ്റമില്ലാതെ തുടർച്ചയായി ഡിമാൻഡ് റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ, ഖത്തർ, സൗദി അറേബ്യ, എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണ് മാർക്കറ്റിലെ ഉപഭോക്താക്കളിൽ കൂടുതൽ.
ഒരു കാലത്ത് യുഎഇയിലെ സ്ത്രീകളുടെ സമ്പത്തിൻ്റെയും സാമൂഹിക പദവിയുടെയും പ്രതീകമായി കണക്കാക്കിയിരുന്ന ചെറിയ സ്വർണ്ണ നാണയങ്ങൾ കൊണ്ട് അലങ്കരിച്ച അൽ-മരിയ നെക്ലേസ്, പഴയ ആഭരണങ്ങളായ അൽ കവാഷി, നാക്ക്സ്, അരയിൽ ധരിക്കുന്ന ബെൽറ്റ് എന്നിവക്ക് സൂക്കിൽ ഇന്നും ആവശ്യക്കാർ ഏറെയാണ്.
യുഎഇയിൽ എത്തിപ്പെടുന്ന ഒരാൾ ആകാംക്ഷയുള്ള സഞ്ചാരിയോ സ്വർണ്ണത്തിന്റെ ഒരു ആസ്വാദകനോ ആകസ്മിക ആരാധകനോ ആകട്ടെ, ഷാർജയിലെ ഗോൾഡ് സൂക്ക് അവർക്ക് സ്വർണ്ണത്തിൻ്റെ കാലാതീതമായ പ്രൗഢിയിലേക്ക് അവിസ്മരണീയമായ ഒരു യാത്ര പ്രദാനം ചെയ്യുന്നു.