അബുദാബി, 10 ജൂലൈ 2024 (WAM) --യുഎഇയിൽ കുട്ടികളിലെ ആദ്യത്തെ ലിവിംഗ് ഡോണര്‍ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നാലുവയസ്സുകാരിയിൽ നടത്തി. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടത്തിയ ശസ്ത്രക്രിയ, പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്‌റ്റാസിസ് ടൈപ്പ് 3 (പിഎഫ്ഐസി) എന്ന അപൂർവമായ ജനിതക കരൾ രോഗം ബാധിച്ച റസിയ ഖാനാണ് ശസ്ത്രക്രിയക്ക് വിധേയയാത്.
ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാർഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്. വിപുലമായ വിലയിരുത്തലുകൾക്ക് ശേഷം, ഡോക്ടർമാർ രോഗിയോട് കരൾ മാറ്റിവയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അവളുടെ പിതാവ് ദാതാവായി സന്നദ്ധത അറിയിച്ചത്തിനെ തുടർന്നാണ് ശസ്ത്രക്രിയ നടന്നത്.
ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് പ്രോഗ്രാമിൻ്റെ ട്രാൻസ്പ്ലാൻ്റ് സർജറി ഡയറക്ടർ ഡോ. സൈഫിന്റെ നേതൃത്വത്തിലാണ് 10 മണിക്കൂർ നീണ്ടു നിന്ന ദാതാവിന്റെയും സ്വീകർത്താവിൻ്റെയും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.
"യുഎഇയിലെ മെഡിക്കൽ സമൂഹത്തിന് ഇതൊരു മഹത്തായ നേട്ടമാണ്. റസിയയെപ്പോലുള്ള കുട്ടികൾക്ക് വിദേശയാത്ര നടത്താതെ തന്നെ ചികിത്സ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. ഈ നാഴികക്കല്ലിൽ കൈവരിച്ചത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഭാവിയിൽ കൂടുതൽ കുടുംബങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സെയ്ഫ് പറഞ്ഞു.
തൻ്റെ ജീവൻ രക്ഷിക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ നിന്ന് റസിയ മികച്ച രീതിയിൽ സുഖം പ്രാപിച്ചുവെന്നും തുടർചികിത്സയിൽ ആയിരിക്കുമെന്നും ഡോക്ടർ പറഞ്ഞു. അവൾക്ക് സ്കൂൾ ആരംഭിക്കാനും അവളുടെ പ്രായത്തിലുള്ള മറ്റേതൊരു കുട്ടികളെയും പോലെ കുട്ടിക്കാലം ആസ്വദിക്കാനും കഴിയുമെന്നും ഡോ. സെയ്ഫ് വ്യക്തമാക്കി.