ഉഭയകക്ഷി ബന്ധങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്തവും ചർച്ച ചെയ്ത് യുഎഇ, ഇന്തോനേഷ്യ രാഷ്ട്രപതിമാർ

അബുദാബി, 2024 ജൂലൈ 17 (WAM) -- സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിനുള്ളിലെ തന്ത്രപരമായ ബന്ധങ്ങൾ അവലോകനം ചെയ്യുന്നതിനായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോയും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.

ഖാസർ അൽ വതാനിൽ നടന്ന കൂടിക്കാഴ്ചയിൽ ജോക്കോ വിഡോഡോയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും പരസ്പര സഹകരണത്തെയും അടയാളപ്പെടുത്തുന്നു എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

സുസ്ഥിര വികസനത്തിന് മുൻഗണന നൽകുന്ന സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ പ്രവർത്തനം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ വിവിധ വശങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ രാഷ്‌ട്രപതി വിഡോഡോയുടെ പങ്കിനെ ശൈഖ് മുഹമ്മദ് പ്രശംസിക്കുകയും രാജ്യങ്ങൾ തമ്മിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള തൻെറ പ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി യുഎഇയും ഇന്തോനേഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിമാറി. എണ്ണ ഇതര വ്യാപാര അളവ് 2014-ൽ 2.7 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2023-ൽ 4.4 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, ഇൻ്റർനാഷണൽ മാംഗ്രൂവ് റിസർച്ച് സെൻ്റർ, ഇന്തോനേഷ്യൻ കോളേജ് ഓഫ് ഫ്യൂച്ചർ സ്റ്റഡീസ്, അബുദാബി ജോക്കോ വിഡോഡോ മോസ്‌ക് തുടങ്ങിയ രണ്ട് രാജ്യങ്ങളിലെയും ലാൻഡ്‌മാർക്കുകളും സംരംഭങ്ങളും ചർച്ചയിൽ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

യുഎഇ-ഇന്തോനേഷ്യ ബന്ധം ഭാവിയിൽ വികസനത്തിൻ്റെയും വളർച്ചയുടെയും മാതൃകയായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

• ഇന്തോനേഷ്യയിലെ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള കരാർ.

• പൊതു ബജറ്റ് മാനേജ്മെൻ്റിനെക്കുറിച്ചുള്ള ധാരണാപത്രം.

• സ്മാർട്ട് സംവിധാനങ്ങൾ സംബന്ധിച്ച് യുഎഇ സെൻട്രൽ ബാങ്കും ഇന്തോനേഷ്യൻ സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം.

• ആണവോർജത്തിൻ്റെ സമാധാനപരമായ ഉപയോഗത്തിൽ സഹകരണം സംബന്ധിച്ച ധാരണാപത്രം.

• ഇന്തോനേഷ്യയിലെ ബാലിയിൽ മുഹമ്മദ് ബിൻ സായിദ് - ജോക്കോ വിഡോഡോ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് യുഎഇ പ്രസിഡൻഷ്യൽ കോടതിയും ഇന്തോനേഷ്യൻ മാരിടൈം അഫയേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

• ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററും നുസന്താര ക്യാപിറ്റൽ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം.

• റിയൽ എസ്റ്റേറ്റ് വികസനം, ടൂറിസം നിക്ഷേപം, വിമാനത്താവളങ്ങളുടെയും ഹോട്ടലുകളുടെയും മാനേജ്മെൻ്റ് എന്നിവയിലെ സഹകരണം സംബന്ധിച്ച് ഇന്തോനേഷ്യയുടെ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള എൻ്റർപ്രൈസസും ഈഗിൾ ഹിൽസ് പ്രോപ്പർട്ടീസും തമ്മിലുള്ള ധാരണാപത്രം
.
• മാരിടൈം പട്രോളിംഗ് എയർക്രാഫ്റ്റുകളുടെ ചട്ടക്കൂട് കരാർ.

തുടങ്ങി യുഎഇ-ഇന്തോനേഷ്യസഹകരണം കൂടുതൽ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളുടെയും കരാറുകളുടെ പ്രഖ്യാപനത്തിന് ശൈഖ് മുഹമ്മദ് ബിൻ സായിദും പ്രസിഡൻ്റ് ജോക്കോ വിഡോഡോയും സാക്ഷ്യം വഹിച്ചു.