യുഎഇയും മൗറീഷ്യസും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു

ദുബായ്, 22 ജൂലൈ 2024 (WAM) --യുഎഇയും മൗറീഷ്യസും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്തിന്റെയും സാന്നിധ്യത്തിൽ ഒപ്പുവച്ചു. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും മൗറീഷ്യസിൻ്റെ വിദേശകാര്യ, റീജിയണൽ ഇൻ്റഗ്രേഷൻ, ഇൻ്റർനാഷണൽ ട്രേഡ് മന്ത്രി മനീഷ് ഗോബിനുമാണ് കരാറിൽ ഒപ്പുവച്ചത്.

ഒരു ആഫ്രിക്കൻ രാജ്യവുമായുള്ള യുഎഇയുടെ ആദ്യ കരാറാണ് ഇത്. സിഇപിഎ പ്രാബല്യത്തിൽ വന്നാൽ 2030-ഓടെ യുഎഇയുടെ ജിഡിപി 0.96 ശതമാനവും മൗറീഷ്യസിൻ്റെ സമ്പദ്‌വ്യവസ്ഥ 1 ശതമാനവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ ജനങ്ങൾക്ക് വികസനവും ഗുണവും നൽകുന്ന ശക്തമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യുഎഇയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ ചരിത്ര ഉടമ്പടിയെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ പിന്തുണക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും പ്രധാനമന്ത്രി ജുഗ്‌നൗത്ത് നന്ദി പറഞ്ഞു. ആഗോള വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിലും അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിലും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിലും ഒരു പ്രധാന പങ്കാളിയാണ് യുഎഇ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ആഴത്തിലാക്കുക, മുൻഗണനാ വ്യവസായങ്ങളിലെ വളർച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, യുഎഇ, മൗറീഷ്യൻ ബിസിനസുകൾക്കുള്ള വിപണി പ്രവേശനം കാര്യക്ഷമമാക്കുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്.