അബുദാബി, 29 ജൂലൈ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചിലി രാഷ്‌ട്രപതി ഗബ്രിയേൽ ബോറിക് ഫോണ്ടും ഇരു രാജ്യങ്ങൾക്കിടയിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ(സിഇപിഎ) ഒപ്പിടൽ ചടങ്ങിന് സാക്ഷികളായി. കസ്റ്റംസ് തീരുവ ഒഴിവാക്കി, വ്യാപാര തടസ്സങ്ങൾ നീക്കി, കസ്റ്റംസ് നടപടിക്രമങ്ങൾ ലഘൂകരിച്ച് എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം ഉത്തേജിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലകൾക്ക് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വേദി നൽകുമ്പോൾ തന്നെ പുതിയ നിക്ഷേപ പ്രവാഹങ്ങളും സഹകരണ പാതകളും സ്ഥാപിക്കാനും ഇത് ശ്രമിക്കുന്നു. അബുദാബിയിൽ നടന്ന ചടങ്ങിൽ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദിയും ചിലി വിദേശകാര്യ മന്ത്രി ആൽബെർട്ടോ വാൻ ക്ലാവറനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. പരസ്പര താൽപ്പര്യങ്ങൾക്കും ഭാവി തലമുറകൾക്കുമായി ലോകമെമ്പാടും വികസന പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്ഥിരീകരിച്ചു.
ദീർഘകാല സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര വളർച്ചയും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പരിപാടിയിലൂടെ തങ്ങളുടെ വ്യാപാര നിക്ഷേപ ശൃംഖല വിപുലീകരിക്കാൻ യുഎഇയും ചിലിയും തമ്മിലുള്ള കരാർ ബിസിനസ്സ് കമ്മ്യൂണിറ്റികളെയും സ്വകാര്യ മേഖലയെയും പിന്തുണയ്ക്കുന്നു. ഈ കരാർ തെക്കേ അമേരിക്കയുമായി ഒരു സുപ്രധാന വ്യാപാര, നിക്ഷേപ ഇടനാഴി സ്ഥാപിക്കുകയും, വാഗ്ദാനമായ സാമ്പത്തിക സാധ്യതകൾ പ്രകടമാക്കുകയും ചെയ്യുന്നു. വ്യാപാര സാധ്യതകൾ വർധിപ്പിക്കുന്നതിനും സുസ്ഥിരത ഉൾപ്പെടെയുള്ള നിക്ഷേപ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള കരാറിൻ്റെ സാധ്യതകൾ ഉയർത്തിക്കാട്ടിക്കൊണ്ട് തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലെ പ്രധാന നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് രാഷ്‌ട്രപതി ബോറിക് ഫോണ്ട് ഒപ്പിടലിനെ സ്വാഗതം ചെയ്തു. യുഎഇയും ചിലിയും തമ്മിലുള്ള ബന്ധം 1978-ൽ സ്ഥാപിതമായതുമുതൽ അന്താരാഷ്ട്ര സഹകരണത്തിൻ്റെ പ്രാധാന്യത്തിന് ഉദാഹരണമാണ് ഇതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇ ഒരു ദക്ഷിണ അമേരിക്കൻ രാജ്യവുമായി ഒപ്പുവെക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ കരാറാണ് ഇത്. 2030-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൻ്റെ അളവ് മൂന്നിരട്ടിയാക്കാനും മുൻഗണനാ മേഖലകളിലുടനീളം സഹകരണം വിപുലീകരിക്കാനും കരാർ ലക്ഷ്യമിടുന്നു. യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പരിപാടി അതിൻ്റെ വളർച്ചയുടെയും വൈവിധ്യവൽക്കരണ തന്ത്രത്തിൻ്റെയും സുപ്രധാന ഘടകമാണ്. എണ്ണ ഇതര വ്യാപാരം 2023-ൽ 701 ബില്യൺ യുഎസ് ഡോളറിലെത്തി, 2022-ൽ നിന്ന് 12.6% വർധനയും 2021-നെ അപേക്ഷിച്ച് 34.7% വളർച്ചയും രേഖപ്പെടുത്തി.
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചിലി രാഷ്‌ട്രപതി ഗബ്രിയേൽ ബോറിക് ഫോണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളുടെ പ്രഖ്യാപനങ്ങൾ നടത്തി. ഈ കരാറുകൾ ഭക്ഷ്യസുരക്ഷ, കാർഷികോത്പന്ന നിക്ഷേപം, വിവരസാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം; ഖനനമേഖല ഉൾപ്പെടെ നിരവധി മേഖലകൾ ഉൾക്കൊള്ളുന്നു.