എല്ലാ മേഖലകളിലും മികവ് പുലർത്തി യുഎഇ: മുഹമ്മദ് ബിൻ റാഷിദ്

ദുബായ്, 6 ഓഗസ്റ്റ് 2024 (WAM) --വിവിധ മേഖലകളിൽ മികവ് പുലർത്തുന്നതിനും മനുഷ്യരാശിക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കാളിയെന്ന നിലയിൽ അതിൻ്റെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഊന്നിപ്പറഞ്ഞു. സുസ്ഥിരത, നവീകരണം, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താൻ രാജ്യം പ്രതിജ്ഞാബന്ധമാണെന്നും, അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ വികസന യാത്ര സുപ്രധാന മേഖലകളിൽ സുപ്രധാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രവുമായി ഇത് യോജിക്കുന്നു.

ഒരു ആഗോള വ്യാപാര കേന്ദ്രം, സർഗ്ഗാത്മകവും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രവും, ബഹുരാഷ്ട്ര കമ്പനികളുടെ പ്രധാന അടിത്തറയും എന്ന നിലയിൽ ദുബായ് അതിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നു. വിനോദസഞ്ചാരം, ബിസിനസ്, നിക്ഷേപം എന്നിവയ്‌ക്കായുള്ള മികച്ച ലക്ഷ്യസ്ഥാനമായി ദുബായെ സ്ഥാപിക്കാനാണ് ശൈഖ് മുഹമ്മദ് ലക്ഷ്യമിടുന്നത്. ദുബായെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റാനും അതിൻ്റെ സാമ്പത്തിക, വ്യാപാര മത്സരക്ഷമത വർദ്ധിപ്പിക്കാനുമുള്ള ദുബായ് ഇക്കണോമിക് അജണ്ടയുടെ ലക്ഷ്യവുമായി ഈ തന്ത്രം യോജിക്കുന്നു.

ശക്തമായ പങ്കാളിത്തം, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സമന്വയം, ലോകമെമ്പാടുമുള്ള തന്ത്രപ്രധാന പങ്കാളികളുമായുള്ള ശക്തമായ ബന്ധങ്ങൾ എന്നിവയാണ് ദുബായുടെ എല്ലാ മേഖലകളിലെയും അസാധാരണമായ പ്രകടനത്തിന് കാരണം. ദുബായുടെ ഭാവിയെ നയിക്കുന്നതിൽ നവീകരണത്തിൻ്റെയും നൂതന സാങ്കേതികവിദ്യയുടെയും പ്രാധാന്യത്തെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് എടുത്തുപറഞ്ഞു. ആധുനിക നിയമങ്ങളും ചട്ടങ്ങളും പിന്തുണയ്‌ക്കുന്ന ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷത്തിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

യോഗത്തിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും,ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് സിഇഒയുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് ചെയർമാൻ ശൈഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം, കൂടാതെ നിരവധി ശൈഖുമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യുഎഇയുടെ ഡിജിറ്റൽ പരിവർത്തനം, നേട്ടങ്ങൾ, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിൽ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ മുഹമ്മദ് ഹമദ് അൽ-കുവൈത്തിയുടെ പ്രഭാഷണവും യോഗത്തിൽ അവതരിപ്പിച്ചു.