അൽ ഐൻ പുസ്തകോത്സവം, നേരത്തെയുള്ള രജിസ്ട്രേഷന് 10% കിഴിവ് നൽകാൻ എഎൽസി

അബുദാബി, ഓഗസ്റ്റ് 15, 2024 (WAM) --പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും ലക്ഷ്യമിട്ട് ഓഗസ്റ്റ് 16-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന പ്രദർശകർക്കും പങ്കെടുക്കുന്നവർക്കും അൽ ഐൻ പുസ്തകോത്സത്തിന്റെ ചരിത്രത്തിൽ ആദ്യമായി 10% കിഴിവ് ലഭിക്കുമെന്ന് അബുദാബി അറബിക് ഭാഷാ കേന്ദ്രം (എഎൽസി) പ്രഖ്യാപിച്ചു. നവംബർ 18 മുതൽ 24 വരെ അൽഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ സെപ്തംബർ 19-ന് അവസാനിക്കും.

ഈ വർഷത്തെ പുസ്തകോത്സവ രജിസ്ട്രേഷൻ കാലയളവ് തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ, പവലിയനുകളുടെ 75% ബുക്കുചെയ്‌തതായി അധികൃതർ സ്ഥിരീകരിച്ചു.

അബുദാബി അറബിക് ലാംഗ്വേജ് സെൻ്റർ അതിൻ്റെ വൈവിധ്യമാർന്ന പരിപാടികളിലൂടെ പബ്ലിഷിംഗ് ഹൗസുകളുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാനും ധാരാളം അവസരങ്ങൾ നൽകാനും ലക്ഷ്യമിടുന്നതായി എഎൽസി എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് ഹംദാൻ അൽ തുനൈജി പറഞ്ഞു.

അബുദാബിയിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും അറബി ഭാഷയുടെ നില ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് എമിറാത്തികളെയും അറബ് സർഗ്ഗാത്മകരെയും ആഘോഷിക്കുന്ന വാർഷിക പരിപാടിയാണ് അൽ ഐൻ പുസ്തകോത്സവം.

കഴിഞ്ഞ വർഷത്തെ അൽ ഐൻ പുസ്തകോത്സവം 150 പ്രദർശകരെയും 95,000 സന്ദർശകരെയും ആകർഷിച്ചു. കൂടാതെ, 500-ലധികം ശിൽപശാലകളും കുട്ടികൾക്കും യുവാക്കൾക്കുമായി വിദ്യാഭ്യാസ ഷോകളും, വിനോദ പരിപാടികളും ഉൾപ്പെടെ 400 പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.