അബുദാബി, 15 ഓഗസ്റ്റ് 2024 (WAM) -- യുഎഇയുടെ ദേശീയ പ്രതിരോധ പദ്ധതി മെച്ചപ്പെടുത്തുന്നതിലെയും, പ്രത്യേകിച്ച് എച്ച്.പി.വി വാക്‌സിൻ സംയോജനത്തിലെയും പുരോഗതിയെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) അഭിനന്ദിച്ചു. യുഎഇയുടെ ആരോഗ്യ സംവിധാനം പ്രതിരോധ നടപടികൾക്ക് മുൻഗണന നൽകുകയും നൂതനവും സുസ്ഥിരവുമായ സമീപനങ്ങളിലൂടെ സമഗ്രവും സംയോജിതവുമായ ആരോഗ്യ പരിരക്ഷ നൽകുകയും ചെയ്യുന്നു.
കെയ്‌റോയിൽ നടന്ന ചടങ്ങിൽ നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ ഡോ. അഹമ്മദ് അൽ സുവൈദി, ഡോ. സുലൈമാൻ അൽ ഹമ്മാദി, ഡോ. ലൈല അൽ-ജാസ്മി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രത്യേക സാങ്കേതിക സമിതികളുടെ ആനുകാലിക അവലോകനങ്ങൾക്ക് വിധേയമാകുന്ന ദേശീയ പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങളെ അവാർഡ് അംഗീകരിക്കുന്നു.
പൊതുജനാരോഗ്യരംഗത്ത് ആഗോള മത്സരക്ഷമതയ്ക്കുള്ള യുഎഇയുടെ പ്രതിബദ്ധതയെ പൊതുജനാരോഗ്യമേഖലയിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ്, പ്രശംസിച്ചു.
2018 മുതൽ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിൽ സ്ത്രീകൾക്കുള്ള എച്ച്‌പിവി വാക്സിൻ യുഎഇ ഉൾപ്പെടുത്തിയതും തന്ത്രപ്രധാന പങ്കാളികളിൽ നിന്ന് തുടരുന്ന പിന്തുണയും സംയോജിത ആരോഗ്യ പരിരക്ഷയുടെ ആഗോള മാതൃകയെന്ന നിലയിൽ രാജ്യത്തിൻ്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നതായും അൽ റാൻഡ് അഭിപ്രായപ്പെട്ടു.