അബുദാബി, 2025 ജനുവരി 13 (WAM) --അബുദാബി സുസ്ഥിരതാ വാരത്തിൽ (എഡിഎസ്ഡബ്ല്യൂ) യുഎഇ സന്ദർശിച്ച അസർബൈജാനി രാഷ്‌ട്രപതി ഇൽഹാം അലിയേവുമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച നടത്തി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷനിലെ (കോപ്29) കക്ഷികളുടെ 29-ാമത് സമ്മേളനത്തിന് അസർബൈജാൻ വിജയകരമായി ആതിഥേയത്വം വഹിച്ചതിനും ഈ പരിപാടിയിൽ കൈവരിച്ച സുപ്രധാന നേട്ടങ്ങൾക്കും ശൈഖ് മുഹമ്മദ്, അസർബൈജാനി രാഷ്‌ട്രപതിയെ അഭിനന്ദിച്ചു.
സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജ്ജം, കാലാവസ്ഥ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ആഗോള വെല്ലുവിളികളെ നേരിടാൻ അസർബൈജാനും മറ്റ് രാജ്യങ്ങളുമായും പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയെക്കുറിച്ചും അവർ ചർച്ച ചെയ്തു. വികസനവുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അസർബൈജാനുമായി സഹകരണം വികസിപ്പിക്കാൻ യുഎഇ ആഗ്രഹിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി സുസ്ഥിരതാ വാരത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് അലിയേവ് യുഎഇയോട് നന്ദി പറഞ്ഞു. യുഎഇയുമായുള്ള വിവിധ മേഖലകളിലെ വളർന്നുവരുന്ന ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള അസർബൈജാന്റെ സമർപ്പണം അദ്ദേഹം ആവർത്തിച്ചു.
പൊതുവായ ആഗോള വെല്ലുവിളികളെ, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തെ, നേരിടുന്നതിനുള്ള സഹകരണവും കൂട്ടായ പ്രവർത്തനവും വളർത്തിയെടുക്കുന്നതിൽ യുഎഇയുടെ ഫലപ്രദമായ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.