അബുദാബി, 2025 ഫെബ്രുവരി 11 (WAM) – യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ഡ്രോണുകളും പടക്കങ്ങളുമൊന്നിച്ചു ചേർത്ത് ഒരുക്കിയ വലിയതും മനോഹരവുമായ ആകാശവിസ്മയം നടത്തിയാണ് ഈ നേട്ടം.
വ്യോമയാന മേഖലയിലെ പുതിയ സാധ്യതകൾ ഉൾക്കൊണ്ട ഈ ദൃശ്യാവിഷ്കാരം അബുദാബിയിൽ നടന്ന ഗ്ലോബൽ സിമ്പോസിയം ഓൺ ഇംപ്ലിമെന്റേഷൻ സപ്പോർട്ട് (ഫെബ്രുവരി 10-12) പരിപാടിയുടെ ഭാഗമായാണ് നടന്നത്.
പ്രദർശനത്തിൽ 1000 ഡ്രോണുകളാണ് ആകാശത്ത് തിളങ്ങിയത്. 152 തത്സമയ പടക്കങ്ങൾ 300 ഡ്രോണുകൾ രൂപപ്പെടുത്തിയ വലയംമാതൃകകളിൽ പൊട്ടിത്തെറിക്കുകയായിരുന്നു. കൃത്യത, സുരക്ഷ, നവീന സാങ്കേതികവിദ്യ എന്നിവയിലൂടെ ഇത് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചു.
"യുഎഇയുടെ വ്യോമയാന രംഗത്തെ നേട്ടത്തിന്റെയും സാങ്കേതികവിദ്യയിലെ മികവിന്റെയും പ്രതീകമാണ് ഈ പുതിയ റെക്കോർഡ്. ആഗോള തലത്തിൽ വ്യോമയാന ഭാവിയെ മാറ്റിമറിക്കാൻ ഞങ്ങളുടെ ശ്രമം തുടരും," എന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി, പറഞ്ഞു.
വ്യോമയാന നവീകരണത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലും യുഎഇയുടെ ആഗോള നേതൃത്വം ഉറപ്പിക്കുന്നതിന്റെ തെളിവാണ് ഈ റെക്കോർഡെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.