അബൂദാബി: പ്രതിരോധ മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും ശേഖരണ, വാങ്ങൽ, കരാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന തവാസുൻ കൗൺസിൽ, ഐഡെക്സ്, നാവ്ഡെക്സ് 2025ന്റെ മൂന്നാം ദിനത്തിൽ 10.18 ബില്യൺ ദിർഹം മൂല്യമുള്ള 10 കരാറുകൾ ഒപ്പുവച്ചതായി അറിയിച്ചു. ഇതോടെ, ആദ്യ മൂന്ന് ദിവസങ്ങളിൽ ഒപ്പുവച്ച 28 കരാറുകളുടെ ആകെ മൂല്യം 19.95 ബില്യൺ ദിർഹമായി.
തവാസുൻ കൗൺസിലിന്റെ വക്താക്കളായ മാജിദ് അഹമ്മദ് അൽ ജാബേരി, മുഹമ്മദ് സൈഫ് അൽ സാബി, മഹ്റ ബിലാൽ അൽ ദഹേരി എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുൻ കൗൺസിലിന്റെയും സഹകരണത്തോടെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഐഡെക്സ്, നാവ്ഡെക്സ് പ്രദർശനങ്ങൾ സംഘടിപ്പിച്ചത്.
യുഎഇ ആസ്ഥാനമായ കമ്പനികളുമായി പ്രധാന കരാറുകൾ
മൂന്നാം ദിനത്തിൽ 9.66 ബില്യൺ ദിർഹം മൂല്യമുള്ള 7 കരാറുകൾ യുഎഇ ആസ്ഥാനമായ കമ്പനികൾക്ക് ലഭിച്ചു. ഇതിൽ ഏറ്റവും വലിയ കരാറുകളിലൊന്ന്, നാവിക സേനയ്ക്കായി എഡ്‌ജ് ഗ്രൂപ്പുമായി 1.92 ബില്യൺ
ദിർഹം വിലമതിക്കുന്ന സാങ്കേതിക പിന്തുണയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, സിബിആർഎൻ സംരക്ഷണ വസ്ത്രങ്ങൾ വാങ്ങാൻ 121.3 മില്യൺ ദിർഹം മൂല്യമുള്ള കരാറും ട്രസ്റ്റ് കമ്പനിയുമായി ഒപ്പുവച്ചു.
എഡ്‌ജ് ഗ്രൂപ്പ് എംകെഎസ് ബോംബുകളുടെ (പാർട്ട് 2) വിതരണത്തിനായി 4.36 ബില്യൺ ദിർഹം കരാർ കരസ്ഥമാക്കി. അതോടൊപ്പം, ആന്റി-ജാമിംഗ് സിസ്റ്റങ്ങൾ വാങ്ങുന്നതിനായി 227 മില്യൺ ദിർഹം കരാറും, ട്രാക്കഡ് ആർസിവി അൺമാൻഡ് ഗ്രൗണ്ട് വാഹനങ്ങൾ വാങ്ങുന്നതിനായി 288 മില്യൺ ദിർഹം കരാറും ഒപ്പുവച്ചു.
ഇന്റർനാഷണൽ ഗോൾഡൻ ഗ്രൂപ്പിന് ഇ-ലോറൻ സിസ്റ്റം വാങ്ങുന്നതിനായി 382 മില്യൺ ദിർഹം കരാർ ലഭിച്ചു. സിഎൽഎസ് ഓട്ടോമോട്ടീവ് ടെക്നോളജീസ് ഐഎഫ് വി വാഷ് ആർമർഡ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനായി 2.36 ബില്യൺ കരാർ നേടി.
അന്താരാഷ്ട്ര കരാറുകൾ
യുഎഇയിലെ കരാറുകൾക്കുപുറമേ, തവാസുന് കൗൺസിൽ 523 മില്യൺ ദിർഹം വിലമതിക്കുന്ന 3 അന്താരാഷ്ട്ര കരാറുകൾ ഒപ്പുവച്ചു. ഫ്രാൻസിലെ യൂറോട്രേഡിയ ഇന്റർനാഷണൽ ലെക്ലർക് ടാങ്കുകൾക്കുള്ള സ്പെയർ പാർട്സ് വിതരണം ചെയ്യുന്നതിനായി 24 മില്യൺ ദിർഹത്തിന്റെ കരാറും, ഫ്രാൻസിലെ നാവൽ ഗ്രൂപ്പുമായി കോർവെറ്റ് കപ്പലുകളുടെ സംയോജിത ലൊജിസ്റ്റിക് പിന്തുണയ്ക്കായി 472 മില്യൺ ദിർഹത്തിന്റെ കരാറും ഒപ്പുവച്ചു.
അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിനുമായി 26.77 ദിർഹം മില്യൺ മൂല്യമുള്ള സാങ്കേതിക പിന്തുണ സേവന കരാറും ഒപ്പുവച്ചു.
യുഎഇയുടെ പ്രതിരോധ വ്യവസായം: ആഗോള മുന്നേറ്റം
തവാസുന് കൗൺസിലിന്റെ പ്രധാന പങ്ക് വീണ്ടും ഉറപ്പിച്ച മാജിദ് അഹമ്മദ് അൽ ജാബേരി, ഈ കരാറുകൾ പ്രതിരോധ മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും ശേഷി വർധിപ്പിക്കാനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് വ്യക്തമാക്കി.
ഐഡെക്സ്, നാവ്ഡെക്സ് 2025 ആഗോളതലത്തിൽ പ്രതിരോധ മേഖലയിൽ നവീനതകൾ പ്രദർശിപ്പിക്കുകയും പ്രമുഖ രാജ്യാന്തര പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.