റമദാനിൽ ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ് സന്ദർശകർക്ക് സൗകര്യം ഉറപ്പാക്കി അബുദാബി മൊബിലിറ്റി

അബുദാബി, മാർച്ച് 21 (WAM): അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ടുമെന്റിന്റെ അനുബന്ധമായ അബുദാബി മൊബിലിറ്റി, റമദാൻ മാസത്തിൽ ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ് സന്ദർശകരുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സേവനങ്ങളും സംവിധാനങ്ങളുമാണ് അവതരിപ്പിച്ചത്.

അല് റബ്‌ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ച് മുതൽ മസ്‌ജിദ് വരെയുള്ള യാത്ര സൗകര്യപ്രദമാക്കാൻ 10 സൗജന്യ ബസുകൾ പ്രവർത്തനക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു. പള്ളിക്ക് ചുറ്റുമുള്ള റോഡുകളും സിഗ്നൽ നിയന്ത്രിത കവലകളും ഡിജിറ്റൽ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നതും ഈ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. ഗതാഗതക്കുരുക്കോ അടിയന്തര സാഹചര്യങ്ങളോ കണ്ടെത്തുന്നതിനും ഉടനടി പ്രതികരണം സാധ്യമാക്കുന്നതിനും സുഗമവും സുരക്ഷിതവുമായ ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

പാർക്കിംഗ് മേഖലകൾ കണ്ടെത്തുന്നതിനുള്ള സഹായമായി മൊബൈൽ ഇലക്ട്രോണിക് ബോർഡുകളും മെസേജ് സൈൻസുകളിലൂടെയുള്ള ദിശാ നിർദ്ദേശങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, പ്രാർഥന സമയങ്ങളിൽ ഗതാഗത പ്രതിസന്ധികൾ മറികടക്കാൻ മസ്‌ജിദിന് സമീപമുള്ള സിഗ്നലുകളും ജംഗ്ഷനുകളും ഫീൽഡ് ഇൻസ്പെക്ടർമാരുടെ നിരീക്ഷണത്തിലാണ്.

റോഡ് സർവീസ് പേട്രോൾ, വാഹനങ്ങൾ വലിച്ചുകൊണ്ടുപോകൽ സേവനങ്ങൾ എന്നിവയും ക്രമീകരിച്ചിരിക്കുകയാണ്. ഗതാഗത അപകടങ്ങൾക്കു ശേഷമുള്ള ദ്രുത പ്രതികരണം ഉറപ്പാക്കാൻ മസ്‌ജിദ് പരിസരത്ത് പേട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

പ്രതിദിനം 100 ടാക്സികൾ മസ്‌ജിദ് സന്ദർശകരുടെ ആവശ്യത്തിനായി പ്രത്യേകം അനുവദിച്ചിട്ടുണ്ടെന്നും, റമദാനിന്റെ അവസാന പത്തു ദിവസങ്ങളിൽ ഈ എണ്ണം വർധിപ്പിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

"അബുദാബിയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ നൂതന പരിഹാരങ്ങൾ നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. റമദാനിലെ വിശുദ്ധമായ ഈ സമയത്ത് റോഡുപയോഗിക്കുന്നവരുടെ ആധുനികവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം," അബുദാബി മൊബിലിറ്റി പ്രസ്താവനയിൽ അറിയിച്ചു.