അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇ സന്ദർശനത്തിനായി അബുദാബിയിലെത്തി

അബുദാബി, 15 മെയ്, 2025 (WAM) --യുഎഇ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബുദാബിയിലെത്തി. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്രംപിനെയും സംഘത്തെയും പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.

അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ,
ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, ഡോ. അഹമ്മദ് മുബാറക് അൽ മസ്രൂയി, ഖൽദൂൺ ഖലീഫ അൽ മുബാറക്, യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ എന്നിവരും സന്നിഹിതരായിരുന്നു.

യുഎസ് പ്രസിഡന്റിന്റെ വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, അദ്ദേഹത്തിന്റെ സന്ദർശനത്തോടുള്ള ആദരസൂചകമായി സൈനിക ജെറ്റുകളുടെ ആചാരപരമായ അകമ്പടിയോടെ അദ്ദേഹത്തെ സ്വീകരിച്ചു.