നൂതന സാങ്കേതികതയിലെ മുന്നേറ്റങ്ങൾ വിലയിരുത്തി യുഎഇ എഐ കൗൺസിൽ യോഗം

ദുബായ്, 2025 മെയ് 19 (WAM) --ഷാർജയിലെ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയുടെ അധ്യക്ഷതയിൽ യുഎഇ കൗൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബ്ലോക്ക്‌ചെയിൻ യോഗം ചേർന്നു.

യോഗത്തിൽ, യുഎഇയുടെ കൃത്രിമബുദ്ധി തന്ത്രത്തിന്റെ ഭാഗമായി രാജ്യതലത്തിൽ നടപ്പിലാക്കിയ പദ്ധതികളും സംരംഭങ്ങളും വിശദമായി അവലോകനം ചെയ്തു. യുഎഇയെ ആഗോള എഐ ഹബ്ബായി മാറ്റുന്നതിൽ മുന്നേറ്റം തുടരുന്നുവെന്ന് ഒമർ സുൽത്താൻ അൽ ഒലാമ വ്യക്തമാക്കി. വിവിധ മേഖലകളിൽ നൂതന സാങ്കേതികവിദ്യയെ പിന്തുണയാക്കിയ പരിഹാരങ്ങൾ വഴി പദ്ധതികളുടെ കാര്യക്ഷമത, പൊതുജനക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഏകോപിത പ്രവർത്തനങ്ങളുടെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിപുലീകരിക്കാവുന്നതും, സുസ്ഥിരവും, ആധുനികവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മുൻകൈയെടുത്തുള്ള ഭരണ സമീപനമാണ് യുഎഇ സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള പ്രവണതകൾക്ക് അനുസൃതമായി നിയന്ത്രണ ചട്ടക്കൂടും നയങ്ങളും നിലനിർത്തുന്നതും, യുഎഇയെ കൃത്രിമബുദ്ധിയുടെ ഒരു ആഗോള പരീക്ഷണശാലയാക്കി മാറ്റുന്നതിനായി ആധുനികമായ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവാർഡ് അടുത്ത പതിപ്പിനുള്ള ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. ആദ്യ പതിപ്പിൽ 76-ലധികം സ്ഥാപനങ്ങളിൽ നിന്ന് 225 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. പങ്കാളിത്തം വർദ്ധിപ്പിക്കുകയും, പുതുതായി കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി എഐ അധിഷ്ഠിത നവീകരണങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നത്തിനായി തീരുമാനമായി.

ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്ലാറ്റ്‌ഫോമിന്റെ സമീപകാല പുരോഗതിയും, വിവിധ സ്ഥാപനങ്ങൾക്കിടയിലെ സമന്വയത്തിനായുള്ള തന്ത്രപരമായ പിന്തുണാപ്രവർത്തനവും കൗൺസിൽ അംഗങ്ങൾ വിലയിരുത്തി. എഐ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന്, രാജ്യത്തുടനീളമുള്ള ഡാറ്റാ സെന്ററുകളുടെ സ്ഥിതിവിവരങ്ങൾ സംബന്ധിച്ച പഠനവും യോഗത്തിൽ അവതരിപ്പിച്ചു.

സാങ്കേതിക വിദഗ്ധർക്കുള്ള ഗോൾഡൻ വിസ പദ്ധതിയുടെ പുരോഗതിയും, ആഗോള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനുള്ള നയങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള ആവശ്യകതയും കൗൺസിൽ ചർച്ച ചെയ്തു. യുഎഇയെ നൂതന സാങ്കേതിക വിദ്യകളിൽ ആഗോള കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.