അബുദാബി, 2020 മെയ് 24 (WAM) - അതിനൂതന മെഡിക്കൽ ടെസ്റ്റിംഗ് രീതികൾ ഉപയോഗിച്ച് 35,000 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടുപിടിക്കുന്നതും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതും ഊർജ്ജിതമാക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തീവ്ര ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, 781 പുതിയ കൊറോണ വൈറസ് കേസുകൾ ആരോഗ്യ പ്രതിരോധ മന്ത്രാലയം കണ്ടെത്തി, ഇതോടെ യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 29,485 ആയി. രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും, അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 സങ്കീർണതകളുടെ ഫലമായി ഒരു മരണം കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ മരണമടഞ്ഞവരുടെ എണ്ണം 245 ആയി.
മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. നിലവിലുള്ള കോവിഡ്-19 രോഗികൾക്ക് വേഗത്തിൽ പരിപൂർണ്ണ സുഖപ്രാപ്തിയും മന്ത്രാലയം ആശംസിച്ചു.
561 വ്യക്തികൾക്ക് കൂടി കോവിഡ്-19 ൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി, ഇതോടെ രോഗവിമുക്തമായവരുടെ ആകെ എണ്ണം 15,056 ആയി.
എല്ലാവരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും സാമൂഹിക അകലം സംബന്ധിച്ച പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
WAM/അമ്പിളി ശിവൻ http://www.wam.ae/en/details/1395302844531