അബുദാബി, 2020 ജൂൺ 2 (WAM) - അതിനൂത മെഡിക്കൽ ടെസ്റ്റിംഗ് രീതികൾ ഉപയോഗിച്ച് 35,000 അധിക COVID-19 പരിശോധനകൾ നടത്തിയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടുപിടിക്കുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനുമായി രാജ്യവ്യാപകമായി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തീവ്ര ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 596 പുതിയ കൊറോണ വൈറസ് കേസുകൾ MoHAP കണ്ടെത്തി. ഇതോടെ യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 35,788 ആയി. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഗുരുതരാവസ്ഥയിലല്ലെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
COVID-19 നെ തുടർന്നുള്ള സങ്കീർണതകളുടെ ഫലമായി 3 മരണങ്ങൾ കൂടി MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 269 ആയി.
മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയും നിലവിലെ COVID-19 രോഗികൾക്ക് വേഗത്തിൽ പൂർണമായ രോഗമുക്തി ആശംസിക്കുകയും ചെയ്തു.
COVID-19 ൽ നിന്ന് 388 പേർ കൂടി രോഗമുക്തി നേടിയതായി MoHAP അറിയിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ മൊത്തം എണ്ണം 18,726 ആയി.
എല്ലാവരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും സാമൂഹിക അകലം സംബന്ധിച്ച പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
WAM/പരിഭാഷ: അമ്പിളി ശിവൻ http://www.wam.ae/en/details/1395302845870