ഫ്രാൻസിലെ തീവ്രവാദ സംഭവത്തെ ലോക മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ ശക്തമായി അപലപിച്ചു

അബുദാബി, 17 ഒക്ടോബർ, 2020 (WAM) - 2020 ഒക്ടോബർ 16 വെള്ളിയാഴ്ച, ഫ്രഞ്ച് തലസ്ഥാനമായ പാരീസിനടുത്തുള്ള കോൺഫ്ലാൻസ്-സെന്റ്-ഹോണറൈനിൽ നടന്ന, ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മരണത്തിനിടയാക്കിയ ഭീകരവാദ സംഭവത്തെ ലോക മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ ശക്തമായി അപലപിച്ചു.

ഇരയുടെ കുടുംബം, ബന്ധുക്കൾ, വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവരോട് കൗൺസിൽ ആത്മാർത്ഥ അനുശോചനം അറിയിച്ചു.

ഭീകരതയെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളെയും സംരംഭങ്ങളെയും ഏകീകരിക്കാനും അതിന്റെ സാംസ്കാരിക വേരുകളെ ഉന്മൂലനം ചെയ്യാനും ഗ്രൂപ്പുകളെ ട്രാക്കുചെയ്യാനും, ഉത്ഭവ സ്ഥാനം ഏതായാലും വിദ്വേഷ ഭാഷണത്തെയും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനെയും എതിര്‍ക്കാനും അതേസമയം എല്ലാ മതവിഭാഗങ്ങളുടെയും പവിത്രമായ കാര്യങ്ങളെയും മതചിഹ്നങ്ങളെയും ബഹുമാനിക്കാനുമുള്ള അതിന്റെ സ്ഥിരമായ ആഹ്വാനം കൗൺസിൽ പുതുക്കി.

സംസ്ഥാന ഭരണഘടനകളെയും പൊതു കാര്യങ്ങളെ നിയന്ത്രിക്കുന്ന നിയമവ്യവസ്ഥകളെയും ബഹുമാനിച്ചുകൊണ്ട് വിദ്വേഷം വളർത്തുന്നതില്‍ നിന്നും മതങ്ങളെ അപമാനിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കണമെന്ന് കൗൺസിൽ എല്ലാവരോടും ആവശ്യപ്പെട്ടു.

വിദ്വേഷ ഭാഷണവും അക്രമ തീവ്രവാദവും പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് നിയമങ്ങളും നിയമനിർമ്മാണവും സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും കൗൺസിൽ ഉയര്‍ത്തിക്കാട്ടി, 2017 ലെ "ഇലക്ട്രോണിക് തീവ്രവാദത്തെ കുറ്റകൃത്യമാക്കാനുള്ള അബുദാബി പ്രഖ്യാപനം" സജീവമാക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയും ചെയ്തു.

അക്കാദമിക്, പ്രൊഫഷണൽ, ഇലക്ട്രോണിക്, മീഡിയ സംവിധാനങ്ങൾ എന്നിവ സജീവമായി ഉപയോഗിച്ച്, സാധാരണ മനുഷ്യ മൂല്യങ്ങൾ ഏകീകരിക്കാൻ പ്രാപ്തിയുള്ളതും മിതത്വം, സഹിഷ്ണുത, സ്നേഹം, ജന്മനാടിന്റെ ഏകീകരണം, നിയമത്തെ മാനിക്കുക, മറ്റ് മതങ്ങളുമായും സംസ്കാരങ്ങളുമായും സംഭാഷണവും സഹവർത്തിത്വവും എന്നീ തത്വങ്ങള്‍ പാലിക്കുന്നതുമായ ഒരു ഇസ്ലാമിക നാഗരിക വ്യവഹാരത്തെ രൂപപ്പെടുത്തേണ്ടതിന്‍റെയും തീവ്രമായ മതചിന്തയുടെയും അക്രമ ഗ്രൂപ്പുകളുടെയും ഭീഷണികളിൽ നിന്ന് അവരുടെ രാജ്യങ്ങളിലെ മുസ്‌ലിം സമുദായങ്ങളെ സംരക്ഷിക്കേണ്ടതിന്‍റെയും ആവശ്യകത കൗൺസിൽ സ്ഥിരീകരിച്ചു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302877968