അബുദാബി, ജനുവരി 17, 2021 (WAM) -- ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്‌എംഇ) പിന്തുണയ്ക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി അബുദാബി ധനകാര്യവകുപ്പ് (DoF) 6 ബില്യൺ ദിർഹത്തിന്റെ സപ്ലെ ചെയിൻ ഫിനാൻസിംഗ് സംരംഭം പ്രഖ്യാപിച്ചു. വിവിധങ്ങളായ മേഖലകളിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം.
നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായും (ദാമൻ) ഫസ്റ്റ് അബുദാബി ബാങ്കുമായും (എഫ്എബി) സഹകരിച്ചാണ് ഈ സംരംഭത്തിന്റെ ആദ്യ ഘട്ടം നടക്കുക. ആരോഗ്യമേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പണലഭ്യത ഉറപ്പാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
ഗദാൻ 21 ന്റെ എസ്‌എംഇ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൻറെ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. കോവിഡ് കാലത്തും അതിനുശേഷവും എസ്‌എംഇകളെ നിലനിർത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള അബുദാബിയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. മറ്റ് ബാങ്കുകളെയും ഇതര മേഖലകളെയും ഉൾക്കൊള്ളുന്നതിനു മുമ്പായി ആരോഗ്യമേഖലയിലെ എസ്‌എംഇകളെയാണ് ഇത് തുടക്കത്തിൽ പിന്തുണയ്ക്കുക.
ഈ സംരംഭം SME-കൾക്ക് കാര്യമായ നേട്ടമുണ്ടാക്കുന്നതാണ്. കാരണം ഇത് അവർക്ക് ലഭിക്കേണ്ടുന്ന അടങ്കൽ തുകകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നു. അങ്ങനെ അവരുടെ പ്രവർത്തന മൂലധനത്തിന്റെ ചെലവ് കുറയ്ക്കുന്നു. 2019 ൽ അബുദാബിയിലെ എസ്‌എംഇകൾ ജിഡിപിയുടെ 29 ശതമാനവും നോൺഓയിൽ സമ്പദ്‌വ്യവസ്ഥയുടെ 44 ശതമാനവും ആണ്. അത്തരം ബിസിനസുകളെ പിന്തുണയ്ക്കുന്നത് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാനുള്ള അബുദാബിയുടെ വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ നിർണായക ഘടകമാണ്.
"SME- കൾ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമാണ്. അബുദാബി എമിറേറ്റിന്റെ ദീർഘകാല സുസ്ഥിര വളർച്ചയുടെ താക്കോലാണ്. ഞങ്ങളുടെ മുന്നോട്ടുള്ള ധന സുസ്ഥിരതാ തന്ത്രത്തിന്റെ ഭാഗമായി, SME- കൾക്ക് തുടർച്ചയായ പണലഭ്യത ഉറപ്പാക്കുന്നതിനായാണ് ഈ സംരംഭം ആരംഭിക്കുന്നത്. അബുദാബി, ധനകാര്യ വകുപ്പിനെ പ്രതിനിധീകരിച്ച്, ഈ സംരംഭത്തിൽ പങ്കെടുത്തതിന് ഞങ്ങളുടെ പങ്കാളികളായ ദാമനും FABക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം ഞങ്ങളുടെ ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടി അവയുടെ വിജയം ഉറപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," അബുദാബി ധനകാര്യ വകുപ്പ് ചെയർമാൻ ജാസ്സം മുഹമ്മദ് ബു അതബ അൽസാബി പറഞ്ഞു.
"ആഗോള ആരോഗ്യ പരിപാലന രംഗത്ത് ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ യുഎഇ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട നിരവധി എസ്‌എംഇകളുടെ സംഭാവനകളില്ലാതെ ഇത് സാധ്യമാകില്ല. അബുദാബി പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായവർക്കുള്ള ബിസിനസ്സ് തുടർച്ചയും പണലഭ്യതയും ഉറപ്പാക്കാൻ ധനകാര്യ വകുപ്പും എഫ്‌എബിയുമായി പങ്കാളികളാകാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. എമിറേറ്റിലെ ലോകോത്തര ആരോഗ്യമേഖലയെ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ഗണ്യമായി സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ദാമൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമദ് അൽ മെഹ്യാസ് പറഞ്ഞു.
"എമിറേറ്റിനുള്ളിൽ ലോകത്തെ ആരോഗ്യ സംരക്ഷണ ഇക്കോസിസ്റ്റത്തിന്റെ വികസനത്തിന് പിന്തുണ നൽകുന്നത് ഉൽപ്പെടെ അബുദാബിയുടെ സാമ്പത്തിക ലക്ഷ്യങ്ങളോട് FAB പൂർണമായും പ്രതിജ്ഞാബദ്ധമാണ്. ഈ സംരംഭം എമിറേറ്റിലെ SME- കൾക്ക് വിതരണ ശൃംഖലകളെ നിലനിർത്തുന്നതിനൊപ്പം സുസ്ഥിര വളർച്ച തുടരുന്നതിനാവശ്യമായ പണലഭ്യതയും കോവിഡ്-19 മഹാമാരിയുടെ കാലത്തും അതിനുശേഷവും ഉറപ്പാക്കും. ആരോഗ്യമേഖലയിലെ SME- കൾക്കുള്ള പിന്തുണ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പുമായും ദാമനുമായും പങ്കാളികളാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ്രെ സെയ്ഗ് പറഞ്ഞു WAM/Ambily http://www.wam.ae/en/details/1395302902022