ഷാർജ, ജനുവരി 18, 2021 (WAM) -- നിരവധി വ്യത്യസ്ത പരിപാടികളിലൂടെ അറബ് സാംസ്കാരിക രംഗത്തെ ഒരു പ്രധാന രാസത്വരകമായി ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) മാറുകയുണ്ടായി കഴിഞ്ഞ വർഷം. 39ാം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെയും (SIBF), അതിനു പിന്നാലെ നടന്ന "പബ്ലിഷേഴ്‌സ് ക്ലബ്", "റീഡേഴ്‌സ് ക്ലബ്" തുടങ്ങിയ സംരംഭങ്ങളിലൂടെയും, ഷാർജ ഇന്റർനാഷണൽ ലിറ്റററി ഏജൻസി (SILA) തുടങ്ങിയവയിലൂടെയും അറബ് സാംസ്കാരിക മേഖലയിലാകെ പുതിയ ഉണർവുണ്ടാക്കുകയും എമിറേറ്റ്സിന്റെ സാംസ്കാരിക പ്രാമുഖ്യത്തെ അവ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
സമഗ്രമായ മുൻകരുതലുകളോടെയും പ്രതിരോധ നടപടികളോടെയുമാണ് കോവിഡ് മഹാമാരിക്കിടയിൽ എസ്ബിഎ ആദ്യത്തെ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്. സാംസ്കാരിക ചലനാത്മകതയെയും, പ്രാദേശിക പ്രസിദ്ധീകരണ മേഖലയെയും, അറബ് അന്താരാഷ്ട്ര പ്രസിദ്ധീകരണ വ്യവസായത്തെയും വളരെയധികം സ്വാധീനിച്ച എസ്‌ഐബിഎഫിന്റെ 39-ാം പതിപ്പ് എസ്ബിഎ വിജയകരമായി നടത്തുകയും ചെയ്തു.
ഫെസ്റ്റിവൽ നേരിട്ട് സന്ദർശിച്ചവരുടെ എണ്ണവും മികച്ചതായിരുന്നു. ഷാർജ വെർച്വൽ റീഡിംഗ് ഫെസ്റ്റിവൽ (എസ്‌വിആർഎഫ്) വഴിയും പുസ്തക മേളയിലേക്ക് ശ്രദ്ധേയമായ സന്ദർശക ബാഹുല്യമുണ്ടായി. വെർച്വൽ ഫെസ്റ്റിവലിലൂടെയും ദശലക്ഷക്കണക്കിന് പ്രസിദ്ധീകരണങ്ങൾ വായനക്കാർക്ക് ലഭ്യമാക്കി. 80,000 പുതിയ പുസ്തകങ്ങൾ സജ്ജമായിരുന്നു. 63,500 പേർ ഇന്റർനെറ്റിൽ ഫോളോ ചെയ്തപ്പോൾ 382,000 സന്ദർശകർ മേളയിൽ നേരിട്ടെത്തി.
മേളയുടെ 39-ാം പതിപ്പ് ലോക സാംസ്കാരിക തലസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും സഹകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾക്കനുസൃതമായി ഷാർജയുടെ സാംസ്കാരിക മേഖല അനുസ്യൂതം പുരോഗതിയിലേക്ക് നീങ്ങുകയാണ്. ഫ്രാൻസ്, മെക്സിക്കോ, സ്വീഡൻ, ഇറ്റലി, കാനഡ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ഫെസ്റ്റിവൽ സന്ദർശിച്ചു.
അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ (ALA) സഹകരണത്തോടെയും, 51 രാജ്യങ്ങളിൽ നിന്നുള്ള 800ഓളം അതിഥികളുടെ പങ്കാളിത്തത്തോടെയും രണ്ട് ദിവസങ്ങളിലായി നടന്ന ഷാർജ ഇന്റർനാഷണൽ ലൈബ്രറി കോൺഫറൻസിന്റെ ഏഴാമത്തെ പതിപ്പിനും എസ്‌ബിഎ ആതിഥേയത്വം വഹിച്ചു. സൂം വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഈ സമ്മേളനം.
എഴുത്തുകാർ, പ്രസാധകർ, വിവർത്തകർ, ക്രിയേറ്റീവ് ഉള്ളടക്ക സ്രഷ്‌ടാക്കൾ എന്നിവരുമായി ആശയവിനിമയം സുഗമമാക്കുന്നതിനു വേണ്ടിയാണ് എസ്‌ബിഎ SILA സ്ഥാപിച്ചത്. ഇത് നിയമപരവും പ്രൊഫഷണലുമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പ്രസിദ്ധീകരണ പ്രക്രിയയെ സുഗമമാക്കുന്ന ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
കൊറോണ വൈറസ് മഹാമാരി മൂലം ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന അസാധാരണമായ സാഹചര്യങ്ങൾക്കിടയിൽ പ്രസിദ്ധീകരണ മേഖലയെ പിന്തുണയ്ക്കുന്നതിനും അതിന്റെ അംഗങ്ങൾക്കും തൊഴിലാളികൾക്കും ആവശ്യമായ നിരവധി ഓപ്ഷനുകളും അറിവും നൽകുന്നതിനും വേണ്ടി എസ്ബിഎ പബ്ലിഷേഴ്സ് ക്ലബ് നടപ്പാക്കി.
എസ്‌ബിഎയുടെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ചൂണ്ടിക്കാണിക്കവെ, തങ്ങളുടെ നയം ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്വീകരിച്ച എമിറേറ്റ് കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എസ്‌ബിഎ ചെയർമാൻ അഹമ്മദ് അൽ അമേരി എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. നാടകം, കവിത, ചരിത്രം, പൈതൃകം, പുരാതന വസ്തുക്കൾ തുടങ്ങിയവയെ പിന്തുണയ്ക്കുന്ന ഒരു സമഗ്ര സാംസ്കാരിക സംവിധാനം സ്ഥാപിക്കുകയും, സൃഷ്ടിപരമായ അവബോധം പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിൽ തുറന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതും അതുവഴി സമൂഹത്തിന്റെ ഐക്യം ഉറപ്പിക്കുകയെന്നതുമാണ് കാഴ്ചപ്പാട്.
2020 ൽ ഷാർജ പബ്ലിക് ലൈബ്രറി നിരവധി അനുബന്ധ സംരംഭങ്ങൾ ആരംഭിക്കുകയും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന് പുതിയതും സൃഷ്ടിപരവുമായ മാർഗ്ഗങ്ങൾ നടപ്പാക്കുകയും ചെയ്തു.
പത്തിലധികം ഭാഷകളിലായി 6 ദശലക്ഷത്തിലധികം പുസ്തകങ്ങൾ മൂന്ന് മാസത്തേക്ക് ലോകമെമ്പാടുമുള്ള വായനക്കാർക്ക് ഇ-ലൈബ്രറിയിലൂടെ സൌജന്യമായി ലഭ്യമാക്കി.
മാത്രവുമല്ല, 160,000ത്തോളം ഇ-ബുക്കുകളിലേക്കും 5 ദശലക്ഷം അക്കാദമിക് പ്രബന്ധങ്ങളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. കൂടാതെ നിരവധി അപൂർവ കയ്യെഴുത്തുപ്രതികളും, ഓഡിയോബുക്കുകളും 63 ദേശീയതകളിൽ നിന്നുള്ള പതിനായിരത്തിലധികം വായനക്കാരെ ആകർഷിച്ചു. വിവിധ സാംസ്കാരിക, വിജ്ഞാന സ്രോതസ്സുകൾക്കായി ഉപയോക്താക്കൾ ഇതിൽ 32,000ത്തോളം സെർച്ചുകളാണ് നടത്തിയത്.
ഇസ്ലാമിക് വേൾഡ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനുമായും (ISESCO) ലൈബ്രറി സഹകരിച്ചു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ ഉപയോക്താക്കൾക്ക് ഓർഗനൈസേഷന്റെ ഡിജിറ്റൽ ഉറവിടങ്ങൾ ആക്സസ് ചെയ്യുന്നതിന് "ISESCO’s ഡിജിറ്റൽ പ്ലാറ്റ്ഫോം" എന്ന പേരിൽ ഒരു അവസരം നൽകി.
അറബ് മേഖലയിലെ ഒരു പ്രസാധക കേന്ദ്രമെന്ന നിലയിൽ ഷാർജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോൺ (SPCFZ) പ്രസാധകർക്കായി നിരവധി സംരംഭങ്ങളും സേവനങ്ങളും ആരംഭിച്ചു. മേളയിൽ, പ്രസാധകർക്ക് 35 ശതമാനം വരെ കിഴിവുകൾ നൽകുന്ന സമഗ്രമായ ആനുകൂല്യങ്ങളും സേവന പദ്ധതിയും എസ്‌പിസിഎഫ്‍സെഡ് അവതരിപ്പിച്ചു. കിരീടാവകാശിയും ഷാർജയിലെ ഡെപ്യൂട്ടി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇതെല്ലാം നടന്നത്.
2020 ഓഗസ്റ്റിൽ ബെയ്‌റൂട്ട് തുറമുഖ സ്ഫോടനത്തിൽ ദുരിതമനുഭവിച്ച ലെബനൻ പ്രസാധകരെ എസ്‌പിസിഎഫ്‌സെഡ് സഹായിച്ചു. ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐപിഎ) പ്രസിഡന്റ് ഷെയ്ക ബോദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശാനുസരണം ഈ സോണിൽ ബിസിനസ് ആരംഭിക്കുന്നതിനുള്ള ഫീസിൽ നിന്ന് അവരെ ഒരു വർഷത്തേക്ക് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. പൂർണമായും സജ്ജീകരിച്ച 20 ഓഫീസുകൾ അവർക്കായി അനുവദിച്ചു.
WAM/Ambily http://wam.ae/ar/details/1395302902246