എക്സ്പോ 2020 ദുബായിൽ വേൾഡ് പോയട്രി ട്രീ ആന്തോളജി പ്രകാശനം ചെയ്ത് നൂറ അൽ കാബി

ദുബായ്, 2022 ജനുവരി 27, (WAM) -- പ്രതീക്ഷയ്ക്കും സ്നേഹത്തിനും സമാധാനത്തിനുമുള്ള ആഗോള കവിതാ സമാഹാരമായ ദി വേൾഡ് പോയട്രി ട്രീ, സാംസ്കാരിക യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി പ്രകാശനം ചെയ്തു.

ഈ കവിതാസമാഹാരത്തിന്റെ ഏകോപനം, എഡിറ്റിംഗ്, ഡിസൈൻ എന്നിവയിൽ പ്രവർത്തിച്ച പ്രശസ്ത എമറാറ്റി കവി ആദൽ ഖോസാമിന്റെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ എക്സ്പോ 2020 ദുബായ് വേദിയിലെ യുഎഇ പവലിയനിലാണ് പ്രകാശനം അരങ്ങേറിയത്.

സാഹിത്യത്തിനുള്ള നൊബേൽ നോമിനികൾ, ആഗോള കവിയരങ്ങുകളുടെ ഡയറക്ടർമാർ, ലോകപ്രശസ്ത സാംസ്‌കാരിക മാഗസിനുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും സൂപ്പർവൈസർമാർ, വിവിധ സർവകലാശാലകളിലെ സാഹിത്യ അദ്ധ്യാപകർ തുടങ്ങി 106 രാജ്യങ്ങളിൽ നിന്നുള്ള 405 പ്രമുഖ കവികളുടെ കവിതകൾ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സാഹിത്യ പ്രതിഭകളുടെ കൃതികൾ സമാഹരിച്ച് ഒരു ആന്തോളജിയിൽ ഉൾപ്പെടുത്താനുള്ള ആദ്യ സംരംഭമായി ഈ പുസ്തകം ലോക എക്‌സ്‌പോസിന്റെ ചരിത്രത്തിൽ ഇടംപിടിക്കും.

സാംസ്കാരിക യുവജന മന്ത്രാലയം ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അൽ കാബി പറഞ്ഞു. ഈ സമാഹാരത്തിന്റെ ആശയം കൊണ്ടുവരാനുള്ള എമിറാറ്റി കുടുംബത്തിന്റെ മുൻകൈയെ അവർ അഭിനന്ദിക്കുകയും പങ്കെടുത്ത എല്ലാ കവികൾക്കും അവരുടെ സംഭാവനകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. എക്‌സ്‌പോ 2020 ദുബായിൽ 192 വ്യത്യസ്‌ത രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, വിവിധ സംസ്‌കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള സർഗ്ഗാത്മകമായ ശബ്‌ദങ്ങളെ യുഎഇ സ്വീകരിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന കവിതാ സമാഹാരം സംസ്‌കാരങ്ങൾക്കിടയിൽ പാലങ്ങൾ പണിയുന്നതിനുള്ള എക്‌സ്‌പോയുടെ മറ്റൊരു നേട്ടമാണ്.

കവിതാസമാഹാരങ്ങൾ, നോവലുകൾ, തത്ത്വചിന്തകൾ എന്നിവ ഉൾപ്പെടുന്ന 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച യുഎഇയിലെ ഏറ്റവും പ്രമുഖ കവികളിലൊരാളായ ആദൽ ഖോസാമാണ് പുസ്തകത്തിന്റെ മേൽനോട്ടം വഹിച്ചത്. 2020-ൽ ഖോസാമിന് ഇറ്റലിയിലെ തുളുല കവിതാ അവാർഡ് ലഭിച്ചു. കൂടാതെ വിദ്യാഭ്യാസം, സംസ്കാരം, കല, കവിത, സാഹിത്യം, സമാധാനം, സാമൂഹിക നീതി എന്നിവയെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനത്തിന് വേൾഡ് ഫെഡറേഷൻ ഓഫ് ഹിസ്പാനിക് റൈറ്റേഴ്‌സ് സിൽവർ ഷീൽഡ് നൽകി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഡോ. ഹേയം അബ്ദുൽ ഹമീദ്, ഹംദാൻ അൽഖേസാം, മുന അൽഖേസാം, മനൽ അൽഖേസാം എന്നിവർ ചേർന്നാണ് വേൾഡ് പോയട്രി ട്രീയുടെ കോ-എഡിറ്റും ഏകോപനവും നിർവ്വഹിച്ചത്. 12 ശാഖകളുള്ള ആന്തോളജിയുടെ രൂപകല്പനയ്ക്ക് പിന്നിൽ മനൽ എന്ന കലാകാരനാണ്. ഓരോ ശാഖയിലും 35 ഓളം കവികൾ അടങ്ങിയിരിക്കുന്നു, അവരുടെ കവിതകൾ വിവിധ ശാഖകളിൽ വിതരണം ചെയ്യുന്നു, ഓരോ ശാഖയും നൂതനമായ പ്രമേയമുള്ള ഒരു ഉപശീർഷകം വഹിക്കുന്നു.

"മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു" എന്ന എക്‌സ്‌പോ 2020 ദുബായുടെ പ്രമേയമാണ് ഈ സംരംഭം സേവിക്കുന്നതെന്നും അവിടെ കവിത മനുഷ്യ ചിന്തയുടെ ഹൃദയഭാഗത്താണെന്നും സ്‌നേഹവും പ്രതീക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൂടിച്ചേരലിന് ആഹ്വാനം ചെയ്യുന്നതായും ആദെൽ ഖോസാം പറഞ്ഞു. ലോകത്തെ കവികൾക്കായി എക്‌സ്‌പോ നൽകുന്ന ആദരവായി ഈ പുസ്തകം, വരും വർഷങ്ങളിൽ ഇത് ഓർമ്മിക്കപ്പെടും. അതിർവരമ്പുകൾ ഭേദിച്ച് ദൂരദേശങ്ങളിലേക്ക് എത്താനുള്ള കഴിവ് കവിതയ്ക്കുണ്ട്. ജപ്പാനിലെ എക്‌സ്‌പോ 2025 ഒസാക്കയിൽ അവതരിപ്പിക്കാൻ പോകുന്ന ആന്തോളജിയുടെ രണ്ടാം പതിപ്പിനായി കവി ഇതിനകം പ്രവർത്തിച്ചു തുടങ്ങിയതിനാൽ ഈ സമാഹാരം ഒരു തുടക്കം മാത്രമാണ്.

WAM/ Afsal Sulaiman https://wam.ae/en/details/1395303015503 WAM/Malayalam