അബുദാബി, 2023 ഫെബ്രുവരി 07, (WAM) – തുർക്കിയിലെ ഭൂകമ്പ ദുരിതബാധിതർക്കായി ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ നിയോഗിക്കാനും രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
സിറിയൻ അറബ് റിപ്പബ്ലിക്കിലെ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ദുരിതാശ്വാസ വസ്തുക്കളും അടിയന്തര സഹായവും നൽകാനും തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ നടത്താനും രാഷ്‌ട്രപതി നിർദ്ദേശിച്ചു.
തുർക്കിയും സിറിയയുമായുള്ള യുഎഇയുടെ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് സഹായ വിതരണങ്ങൾ വരുന്നത്, പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ആവശ്യമുള്ളവരെ പിന്തുണയ്ക്കുന്നതിൽ യുഎഇയുടെ മാനുഷിക പങ്ക് പ്രതിഫലിപ്പിക്കുന്നതാണിത്.
ഈ സംരംഭം യുഎഇയുടെ അന്തർദേശീയ മാനുഷികവും വികസനപരവുമായ ശ്രമങ്ങൾക്കും ഒപ്പം ലോകമെമ്പാടുമുള്ള ദുരിത ബാധിത സമൂഹങ്ങളെ വിവിധ ദുരിതാശ്വാസ പരിപാടികളിലൂടെ അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുകയും, വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ എന്നിവയിലൂടെ സഹായിക്കുന്നതിനുള്ള രാജ്യത്തിന്റെ സമീപനത്തെയും അടിവരയിടുന്നു.
തെക്കൻ തുർക്കിയെ ബാധിക്കുകയും നിരവധി ആളുകൾക്ക് മരണത്തിനിടയാക്കുകയും ചെയ്ത വൻ ഭൂകമ്പത്തിൽ തുർക്കിയോടും സിറിയയോടും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രണ്ട് രാജ്യങ്ങളോടും അവരുടെ ജനങ്ങളോടും ഈ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും യുഎഇ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ