അബുദാബി ആരോഗ്യ വകുപ്പ് നിയമലംഘനങ്ങളുടെ പേരിൽ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

അബുദാബി, 24 മെയ്, 2023 (WAM) --നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഹെൽത്ത് കെയർ സെന്ററും ആരോഗ്യ കേന്ദ്രവും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി എമിറേറ്റിലെ ഹെൽത്ത് കെയർ മേഖലയുടെ റെഗുലേറ്ററായ അബുദാബി ആരോഗ്യ വകുപ്പ് (ഡിഒഎച്ച്) പ്രഖ്യാപിച്ചു

അണുബാധ തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളും മാർഗങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുക, കാലഹരണപ്പെട്ട മെറ്റീരിയലുകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം, മെഡിക്കൽ മാലിന്യ നിർമാർജനത്തിനും രക്ത യൂണിറ്റുകളുടെ സംഭരണത്തിനുമുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാത്തതും ഈ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

ആരോഗ്യ വകുപ്പ് നൽകിയ ഫെസിലിറ്റിയുടെ ലൈസൻസിൽ പറഞ്ഞിരിക്കുന്ന സ്പെഷ്യാലിറ്റികളിൽ ലൈസൻസുള്ള ഫിസിഷ്യൻമാരുടെ അഭാവം ഉൾപ്പെടെ രണ്ട് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ മറ്റ് ലംഘനങ്ങളും ഡിഒഎച്ച് കണ്ടെത്തി. കൂടാതെ,വകുപ്പ് അംഗീകരിച്ച എഞ്ചിനീയറിംഗ്, ടെക്നിക്കൽ ലേഔട്ട് പാലിക്കാത്തതും മെഡിക്കൽ സ്റ്റാഫിലെ അംഗങ്ങൾ നിർദ്ദേശിച്ച വാക്സിനേഷനുകൾ എടുക്കുന്നതിൽ പരാജയപ്പെട്ടതും ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

പ്രധാനമായും രോഗികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കുന്നതിന് സൗകര്യങ്ങൾ അനുവദിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവിച്ചു. തിരുത്തൽ നടപടിക്രമങ്ങളുടെ ഉചിതമായ പ്രയോഗം ഉറപ്പാക്കുന്നതിന്, പരിശോധന നിയന്ത്രണ സംഘങ്ങൾ ഭാവി സന്ദർശനങ്ങൾ നടത്തുമെന്ന് വകുപ്പ് സൂചിപ്പിച്ചു.

എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നയങ്ങളും ചട്ടങ്ങളും പാലിക്കാനും, അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി ആരോഗ്യ സേവനങ്ങൾ നൽകാനും, പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളോടും അബുദാബി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. .

WAM/അമൃത രാധാകൃഷ്ണൻ