വെള്ളിയാഴ്ച 14 മെയ് 2021 - 11:43:31 pm

യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി ഉപരാഷ്ട്രപതി 'ഡിസൈനിങ് ദി നെക്സ്റ്റ്  50’  സമാരംഭിച്ചു


ദുബായ്, 2020 സെപ്റ്റംബർ 28 (WAM) - യു‌എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇയുടെ ഭാവി രൂപകൽപ്പന ചെയ്യുന്നതിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തുന്നതിനായി 'ഡിസൈനിങ് ദി നെക്സ്റ്റ് 50' പദ്ധതി ആരംഭിച്ചു.

‘2020: അടുത്ത 50 ലേക്ക്’ എന്ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, 2021 ന് അപ്പുറത്തുള്ള അടുത്ത അഞ്ച് ദശകങ്ങളിലെ സമഗ്ര വികസന പദ്ധതി ആവിഷ്കരിക്കുന്നതിന് സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഈ പ്രഖ്യാപനം ഒരുമിച്ച് കൊണ്ടുവരും.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു, "50 വർഷങ്ങൾക്ക് മുമ്പ് യുഎഇയുടെ സ്ഥാപകർ ഇന്ന് നാം കാണുന്ന രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ആളുകളെ ഉൾപ്പെടുത്താനുള്ള ഒരു ദൗത്യം ആരംഭിച്ചു. അവർ മരുഭൂമിയിൽ നിന്ന് ആരംഭിച്ചത് ബഹിരാകാശത്ത് എത്തുന്ന അഭിലാഷങ്ങളുമായാണ്. അവർ ജനങ്ങളുടെ ആശയങ്ങൾ ശേഖരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. കുറച്ച് വിഭവങ്ങളുമായി വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചിരുന്നെങ്കിലും ഉന്നതങ്ങള്‍ ലക്ഷ്യമിട്ട ഒരേ മനോഭാവവും വിപുലമായ പരിശ്രമവും കൊണ്ട് അവർ ഒന്നിച്ചു. അവരുടെ ദൗത്യം ചരിത്രം സൃഷ്ടിക്കുകയും ആധുനിക സമൂഹങ്ങളുടെ ആശയം പുനർനിർവചിക്കുകയും ചെയ്തു."

അദ്ദേഹം പറഞ്ഞു, "ഇന്ന് ഞങ്ങൾ യുഎഇയുടെ സ്ഥാപകരുടെ ദൗത്യം പുനരുജ്ജീവിപ്പിക്കുന്നു. ഇന്ന്, യുഎഇയുടെ ശതാബ്ദിയാഘോഷത്തിലേക്ക് നയിക്കുന്ന അടുത്ത 50 വർഷത്തേക്കുള്ള തയ്യാറെടുപ്പിനുള്ള ദൗത്യം ഞങ്ങൾ ആരംഭിക്കുന്നു. ഭാവിയിലെ യുഎഇയെ അടുത്ത തലമുറകൾക്കായി രൂപകൽപ്പന ചെയ്യുക എന്നതും നമ്മുടെ സ്ഥാപകർ ചെയ്തതു പോലെ ഈ ദൗത്യത്തിൽ ജനങ്ങളെ ഉൾപ്പെടുത്തുക എന്നതുമാണ് ഞങ്ങളുടെ കടമ. യു‌എഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ പൗരന്മാരെയും നിവാസികളെയും ക്ഷണിക്കുന്നു. "

യുഎഇയുടെ അടുത്ത 50 വർഷം രൂപപ്പെടുത്തുന്നതിനായി ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ എച്ച് എച്ച് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ 50 വർഷത്തെ വികസന പദ്ധതി സമിതിയാണ് ഈ മഹത്തായ പദ്ധതിയുടെ മേൽനോട്ടം വഹിക്കുക.

'ഡിസൈനിംഗ് ദി നെക്സ്റ്റ് 50' പദ്ധതിയുടെ ഭാഗമായി, യു‌എഇയുടെ അടുത്ത 50 വർഷങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, പാർപ്പിടം, ടൂറിസം, സംരംഭകത്വം, നിക്ഷേപം, നൈപുണ്യ വികസനം, സാമൂഹിക മൂല്യങ്ങൾ, സംസ്കാരം, കുടുംബബന്ധങ്ങൾ, കായികം, യുവാക്കൾ, ഭക്ഷ്യ സുരക്ഷ, ശാസ്ത്രം, നൂതന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെ രൂപപ്പെടുത്തുന്നതിനായി പൗരന്മാരിൽ നിന്നും നിവാസികളില്‍ നിന്നും ആശയങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ശേഖരിക്കും.

വിവിധ മീറ്റിംഗുകളില്‍ യുഎഇയിലെ മന്ത്രിമാര്‍ വൈവിധ്യമാർന്ന സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുമായി ഒത്തുചേരുകയും, അവരുടെ ഭാവി അഭിലാഷങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും.

യുഎഇയിലുടനീളമുള്ള എല്ലാ മേഖലകളുടെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങളും ശുപാർശകളും വികസിപ്പിക്കുന്നതിന് പാനൽ ചർച്ചകളും ചിന്താ സെഷനുകളും പൊതുജനങ്ങളുമായും പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കും.

പൊതുജനങ്ങളിൽ നിന്നും ഫീഡ്‌ബാക്ക് സ്വീകരിക്കുന്നതിന് പൊതു, സ്വകാര്യ സ്ഥാപനങ്ങൾ വിദൂര മീറ്റിംഗുകൾ, സർവേകൾ, ചർച്ചാ സെഷനുകൾ എന്നിവയുൾപ്പെടെയുള്ള സംവേദനാത്മക ഉപകരണങ്ങൾ ഉപയോഗിക്കും. വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, നൂതന സാങ്കേതികവിദ്യകൾ എന്നിങ്ങനെ യുഎഇയിലെ വിവിധ സുപ്രധാന മേഖലകളുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതിന് ഈ ഉപകരണങ്ങൾ ആളുകളുടെ ആശയങ്ങൾ ഉൾക്കൊള്ളും.

രാജ്യത്തിന്റെ ദേശീയ, ആഗോള കമ്പനികൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, എസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം എന്നിവയെ വിവിധ പരിപാടികളിലും ചർച്ചകളിലും ഹോസ്റ്റുചെയ്യുന്നതിലൂടെ ഡിസൈനിങ് ദി നെക്സ്റ്റ് 50’ യില്‍ സ്വകാര്യമേഖലയുടെ പ്രധാന പങ്ക് പ്രത്യേകമായി എടുത്തുകാണിക്കും. സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നതിൽ സ്വകാര്യമേഖലയുടെ പ്രധാന പങ്ക് എടുത്തുകാണിക്കുന്ന ഈ നീക്കത്തിലൂടെ രാജ്യത്തിന്റെ സ്വകാര്യ മേഖലയെ ഔദ്യോഗിക ബിസിനസ് മേഖല പ്രതിനിധികളുമായി ഒന്നിച്ചു കൊണ്ടുവരും. എല്ലാ മേഖലകളിലുമുള്ള ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനായി സ്വകാര്യമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും 'ഡിസൈനിങ് ദി നെക്സ്റ്റ് 50’ പദ്ധതി ലക്ഷ്യമിടുന്നു.

സാംസ്കാരിക-യുവജന മന്ത്രാലയവുമായി സഹകരിച്ച് യുവാക്കൾക്കിടയിൽ സംഭാഷണം പ്രചോദിപ്പിക്കാനും അവരുടെ കഴിവുകളും അഭിലാഷങ്ങളും ഭാവിയിലേക്ക് നയിക്കാനും യുവജന സർക്കിളുകളുടെ പ്രത്യേക പതിപ്പ് നടത്തും. യുഎഇയുടെ ശതാബ്ദി പദ്ധതി രൂപപ്പെടുത്തുന്നതിലും രാജ്യത്തിന്റെ ഭാവി രൂപകൽപ്പന ചെയ്യുന്നതിനായി ഫ്യൂച്ചറിസ്റ്റ് ആശയങ്ങൾ അവതരിപ്പിക്കുന്നതിലും യുവാക്കളെ പങ്കെടുപ്പിക്കാന്‍ യു‌എഇയിലുടനീളമുള്ള യുവ പൗരന്മാർക്കും നിവാസികള്‍ക്കും വിദൂര സെഷനുകൾ ആതിഥേയത്വം വഹിക്കും.

യുഎഇ അതിന്റെ ചരിത്രത്തിലുടനീളം ദീർഘകാല ദർശനങ്ങളും പദ്ധതികളും തന്ത്രങ്ങളും നടപ്പിലാക്കുന്നുണ്ട്. ഉയർന്നുവരുന്ന മാറ്റങ്ങളെ നേരിടുക, ആഗോള മത്സരശേഷി വർദ്ധിപ്പിക്കുക, സ്വപ്നങ്ങളുടെയും അവസരങ്ങളുടെയും നാടായി യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾ തുടരുന്നത്.

പദ്ധതിയുടെ നിരവധി പരിപാടികളും പ്രവർത്തനങ്ങളും അടുത്ത അഞ്ച് ദശകത്തിനുള്ളിൽ യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി മാറ്റുന്നതിനുള്ള ഏകീകൃത സാമൂഹിക കാഴ്ചപ്പാടിന് കാരണമാകും. 2071-ലേക്കുള്ള തയ്യാറെടുപ്പിനുള്ള വിപുലമായ ശ്രമങ്ങൾ എണ്ണാനന്തര കാലഘട്ടത്തിലേക്ക് എല്ലാ മേഖലകളും വികസിപ്പിക്കുക, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, മനുഷ്യ ശേഷികളിൽ നിക്ഷേപിക്കുക, സഹിഷ്ണുത, തുറന്ന നില, സഹവർത്തിത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള യുഎഇയുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുക, ആഗോള മത്സരശേഷി വർദ്ധിപ്പിക്കുക, ഭാവിതലമുറകൾക്കായി സുസ്ഥിര വികസനത്തിലേക്ക് നയിക്കുക എന്നിവ ലക്ഷ്യമിട്ടാണ്.

2019 ഡിസംബറിൽ, യഥാക്രമം അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2020 നെ അടുത്ത 50 വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ വർഷമായി പ്രഖ്യാപിച്ചു.

ഫെഡറൽ, പ്രാദേശിക തലത്തിൽ വരുന്ന 50 വർഷത്തേക്ക് തയ്യാറെടുക്കുന്നതിനും 2021 ൽ രാജ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള ഏറ്റവും വലിയ ദേശീയ നയമായി "2020: അടുത്ത 50 ലേക്ക്" ആരംഭിച്ചു. യുഎഇയുടെ ആഗോള മത്സരശേഷി സ്ഥാപിക്കുക, സുസ്ഥിര വികസനത്തിനായി ഒരു നൂതന സംവിധാനം കെട്ടിപ്പടുക്കുക, ദേശീയ സമ്പദ്‌വ്യവസ്ഥ ഉയർത്തുക, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ നിലനിർത്തുന്നതിന് നൂതന സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുക എന്നിവയാണ് ഈ വർഷത്തെ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302873118

WAM/Malayalam