ശനിയാഴ്ച 15 മെയ് 2021 - 12:25:14 am

മുഹമ്മദ് ബിൻ റാഷിദും മുഹമ്മദ് ബിൻ സായിദും അടുത്ത 50 വർഷത്തേക്കുള്ള ദേശീയ അജണ്ടയും സ്ട്രാറ്റജിക് പ്രൊജക്ടും അംഗീകരിച്ചു


ദുബായ്, ഫെബ്രുവരി 24, 2021 (WAM) -- അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും വികസനം വേഗത്തിൽ ആക്കുന്നതിനുമായി ദേശീയ അജണ്ടയുടെയും തന്ത്രപരമായ പദ്ധതികളുടെയും പുതിയ പതിപ്പുകളംഗീകരിച്ച് 2021 മിനിസ്റ്റീരിയൽ റിട്രീറ്റ് ബുധനാഴ്ച സമാപിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അദ്ധ്യക്ഷത വഹിച്ച ദ്വിദിന റിട്രീറ്റ്, മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും വിശിഷ്ടാതിഥികളെയും ഒരുമിച്ച് കൊണ്ടുവരികയും രാജ്യത്തിന്റെ അടുത്ത ഘട്ട വികസന കാഴ്ചപ്പാടിനായി തന്ത്രപരമായ ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്തു.

സ്ഥാപക നേതാക്കളുടെ ദീർഘവീക്ഷണപരമായ കാഴ്ചപ്പാട് നന്ദി പറഞ്ഞ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ എല്ലാ മേഖലകളിലും സവിശേഷമായ വിജയമുണ്ടാക്കിയതായി ചൂണ്ടിക്കാട്ടി.

മാനുഷിക മൂലധനത്തെ എല്ലാ വികസന, സാമ്പത്തിക പദ്ധതികളുടെയും കേന്ദ്രമാക്കി മാറ്റുന്ന അസാധാരണമായ ഒരു വികസന മാതൃക യുഎഇ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുവെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദീർഘകാലമായി രാജ്യത്തെ വ്യതിരിക്തമാക്കുന്ന മികവും വികസനവും നിലനിർത്താൻ ആവശ്യമായ എല്ലാം നൽകാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎഇയിൽ അസാധ്യമായത് ഒന്നുമില്ലാത്തതിനാലാണ് നാം ഇത്രയും ദൂരം എത്തിയത്. അടുത്ത 50 വർഷത്തിനുള്ളിൽ യുഎഇയെ പുതിയ അതിർത്തികളിലേക്ക് കൊണ്ടുപോകാനുള്ള ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വിഭവങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഈ യാത്രയ്ക്ക് നേതൃത്വം നൽകാൻ മുഹമ്മദ് ബിൻ സായിദ് തങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു..

"റിട്രീറ്റിൽ മുഹമ്മദ് ബിൻ സായിദിന്റെ പങ്കാളിത്തം യുഎഇയെ സംബന്ധിച്ചിടത്തോളം 50 വർഷത്തേക്കുള്ള പുതിയതും വ്യക്തവുമായ ദർശനം നൽകുന്നു."

സ്ഥാപക നേതാക്കളുടെ സ്മരണയെ അഭിമാനപൂർവ്വം മുറുകെപ്പിടിക്കുകയും രാജ്യത്തിനായി അവർ സ്ഥാപിച്ച ശക്തമായ അടിത്തറ നിലനിർത്താനും മുന്നേറാനും കഠിനമായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ യുഎഇ ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

യാത്രയുടെ തുടക്കത്തിൽ സ്ഥാപക നേതാക്കളായ ഷെയ്ഖ് സായിദും ഷെയ്ഖ് റാഷിദും സ്ഥാപിച്ച സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളാണ് യുഎഇ ഇന്നീ എത്തിച്ചേർന്നിടത്തേക്ക് വളർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 50 വർഷങ്ങൾ സമൃദ്ധിയും വികസനവും വിജയവും കൊണ്ട് നിറഞ്ഞിരുന്നു. "അടുത്ത 50 വർഷത്തേക്ക് വളർന്നുവരുന്ന ഞങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് കൂടുതൽ വേഗത്തിൽ പോകേണ്ടതുണ്ട്. "

റിട്രീറ്റിൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടുന്ന മികച്ചതും വഴക്കമുള്ളതുമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത് തുടരുന്നതിന് ഫെഡറൽ ഗവൺമെന്റ് ടീമുകളിൽ തനിക്കുള്ള വിശ്വാസം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഊന്നിപ്പറഞ്ഞു.

ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹിസ് ഹൈനസ് ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; ഉപപ്രധാനമന്ത്രിയും പ്രസിഡന്റ് കാര്യമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ വിശിഷ്ടാതിഥികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമൊപ്പം റിട്രീറ്റിൽ സന്നിഹിതരായി.

2021ലെ മിനിസ്റ്റീരിയൽ റിട്രീറ്റിന്റെ ഭാഗമായി, ഫെഡറൽ ഗവൺമെന്റിന്റെയും മന്ത്രാലയങ്ങളുടെയും പ്രവർത്തന മാതൃകകളും പ്രകടനവും രൂപപ്പെടുത്തുന്ന ഒരു ചട്ടക്കൂടായി ദേശീയ അജണ്ടയുടെ പുതിയ പതിപ്പിന് യുഎഇ നേതാക്കൾ അംഗീകാരം നൽകി. അടുത്ത ഘട്ടത്തിൽ രാജ്യത്തിന്റെ സുപ്രധാന മേഖലകളുടെ മത്സരശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ ഭരണ ചട്ടക്കൂടിനു കീഴിൽ തന്ത്രപരമായ പദ്ധതികൾ ആരംഭിക്കും.

എല്ലാ മേഖലകളിലും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങളെ പുതിയ അജണ്ട പ്രതിഫലിപ്പിക്കുന്നു.

രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ സുസ്ഥിര വികസനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകളും പദ്ധതികളും വികസിപ്പിക്കുന്നതിലൂടെ "സമതുലിതമായ വികസനം" എന്ന ആശയം ഉയർത്തുന്നതിനുള്ള സർക്കാരിന്റെ പുതിയ തന്ത്രപരമായ ദിശയെ അജണ്ട പ്രതിഫലിപ്പിക്കുന്നുണ്ട്. ആഗോള ഡിജിറ്റൽ പരിവർത്തനത്തിൽ യുഎഇയുടെ നിലവാരം ഉയർത്തുന്ന പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള നൂതന വർക്ക് പ്ലാൻ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വ്യാപാരം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം, മാധ്യമങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ സുപ്രധാന മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിനായി മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും റിട്രീറ്റിലെ സംവാദാത്മക പാനലുകളിലും ചർച്ചകളിലും ഒത്തുകൂടി. വളർച്ചാ അവസരങ്ങളും സർക്കാർ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന പദ്ധതികളും അവർ അവലോകനം ചെയ്തു.

രാജ്യത്തിന്റെ സുപ്രധാന മേഖലകളിൽ മത്സരപരമായ കുതിച്ചുചാട്ടത്തിനായി ഭാവി വികസന കാഴ്ചപ്പാടിനെ അഭിസംബോധന ചെയ്യുകയും ഫെഡറൽ, പ്രാദേശിക പ്രോജക്ടുകൾ വിപുലീകരിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

WAM/Ambily http://wam.ae/en/details/1395302913182

WAM/Malayalam