Mon 19-09-2022 08:43 AM
ഖാർത്തൂം, 2022 സെപ്തംബർ 19, (WAM) -- സുഡാനിൽ നിരവധി ആളുകളുടെ മരണത്തിനും വീടുകളുടെയും മറ്റു വസ്തുക്കളുടെയും നാശത്തിനും കാരണമായ വെള്ളപ്പൊക്കം ഒരു ദശാബ്ദത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വിനാശകാരമായ ഒന്നായി ചൂണ്ടിക്കാട്ടുന്നു.
തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ദുരന്തത്തിന്‍റെ ഉത്ഭവം. അത് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സ്രോതസ്സായ അൽ ജാസിറ പദ്ധതിയെ ബാധിച്ചു, ദാർ അൽ സലാമിലൂടെയും അൽ ജസീറ സ്റ്റേറ്റിലെ അൽ ഹുല, അൽ ജദിദ ഗ്രാമങ്ങളിലൂടെയും ജലപ്രളയം കടന്നുപോയി.
പേമാരിയും വെള്ളപ്പൊക്കവും ബാധിച്ച മറ്റ് 14 സംസ്ഥാനങ്ങളിൽ ഒന്നായ അൽ ജാസിറ സ്റ്റേറ്റിലെ ദാർ അൽ സലാമിലും അൽ മനാഖിലും, എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ദുരിതബാധിത ഗ്രാമങ്ങളിലെ നിരവധി നിവാസികളുമായി നേരിട്ട് സംവദിച്ച് അവർ അനുഭവിച്ച ദുരിത സാഹചര്യങ്ങൾ രേഖപ്പെടുത്തി.
നിരവധി വീടുകളുടെയും കന്നുകാലികളുടെയും നാശത്തിന് കാരണമായ ദുരന്തത്തിന് ശേഷം സ്ഥിതിഗതികൾ വളരെ മോശമായിരുന്നു, പുതിയ വീട് പണിയാൻ തനിക്ക് സഹായം ആവശ്യമാണെന്ന് അബ്ദുൽ അസീസ് ആദം പറഞ്ഞു.
സുഡാനെ ബാധിച്ച വെള്ളപ്പൊക്കം ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക, പോഷകാഹാര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, കൂടാതെ രോഗത്തിനും പകർച്ചവ്യാധികൾക്കും കാരണമാകും.
അർദ്ധരാത്രിയിൽ തന്റെ ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. അത് തന്റെ വീട് നശിപ്പിക്കുകയും കുടുംബത്തെ ഭവനരഹിതരാക്കുകയും ചെയ്തുവെന്ന് 43 കാരിയായ ഹെഡെയ ഒത്മാൻ പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ തന്റെ കുടുംബത്തെ രക്ഷിക്കാൻ താൻ ശ്രമിച്ചുവെന്നും വീട് പൂർണമായും തകർന്നുവെന്നും സെറ്റ് അൽജീൽ അഹമ്മദ് അൽ അവദ് പറഞ്ഞു. ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ക്ഷാമത്തിന് പുറമേ, ദുരന്തം മൂലം പകർച്ചവ്യാധികൾ പടരുമെന്ന് താൻ ഭയപ്പെടുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
അൽ ഗർസ ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് അഹമ്മദ് മുഹമ്മദ് (60) അൽ ഫജർ പ്രാർത്ഥനയ്ക്കിടെ ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ വീട് തകർന്നതായി പറഞ്ഞു. അദ്ദേഹത്തിന് തന്‍റെ മകനെ നഷ്ടപ്പെട്ടെങ്കിലും മറ്റ് മൂന്ന് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താൻ സാധിച്ചു.
എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ അഭിമുഖത്തിൽ അൽ ജാസിറ സംസ്ഥാന ഗവർണർ ഇസ്മായിൽ അവദല്ല അൽ അഖേബ് പറഞ്ഞു, 33 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. അൽ ജസീറ സുഡാന്റെ മധ്യത്തിലാണെന്നും മനക്കിൽ നിന്നും മറ്റ് പർവതപ്രദേശങ്ങളിൽ നിന്നും തെക്കൻ-മധ്യ സുഡാനിലെ ജബൽ മായ, ജബൽ സഖ്ദി എന്നിവിടങ്ങളിൽ നിന്നും വന്ന പേമാരി പ്രദേശത്തെ വളരെ മോശമായി ബാധിച്ചു.
അൽ ജാസിറ സ്കീമിലെ പല ഗ്രാമങ്ങളിലേക്കും വെള്ളപ്പൊക്കം പടർന്നു, അവിടെ സുഡാനിലെ ജലസേചന മന്ത്രാലയം ഒരു സ്പെഷ്യലിസ്റ്റ് എഞ്ചിനീയറിംഗ് യൂണിറ്റിനെ അയച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തി, അൽ അഖെബ് പറഞ്ഞു.
പേമാരി 33-ലധികം ഗ്രാമങ്ങളെ നശിപ്പിക്കുകയും നിരവധി സ്ഥാപനങ്ങളെ ബാധിക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേർത്തു.
മൺ ഇഷ്ടികയും ചെളിയും കൊണ്ട് നിർമ്മിച്ച ചെറിയ വീടുകളായ ഗാലസ് വീടുകൾ വെള്ളത്തിനടിയിലായി, അത് ഭയാനകമായ മനുഷ്യ ദുരന്തത്തിന് കാരണമായി.
നിരവധി ആളുകളുടെ മരണത്തിന് കാരണമാവുകയും വീടുകൾ തകർക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്‌ത പേമാരിയിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് ഗാലസ് വീടുകൾക്ക് താങ്ങാൻ കഴിഞ്ഞില്ല.
വെള്ളപ്പൊക്കം പ്രദേശത്തെ പൂർണ്ണമായും നശിപ്പിക്കുകയും എല്ലാവരെയും ഭവനരഹിതരാക്കുകയും ചെയ്തു എന്ന് WAM-നോട് നൈൽ റിവർ സ്റ്റേറ്റിലെ അൽ ഫഹ്‌ലയിൽ നിന്നുള്ള കർഷകനായ ഇസ്മായിൽ അൽ ഖൈർ പറഞ്ഞു.
പ്രദേശവാസികൾ ഫാമുകളിലായിരുന്നപ്പോൾ 10:00 മണിയോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്, അവർ വീട്ടിലായിരുന്നെങ്കിൽ നാശനഷ്ടങ്ങൾ കൂടുതലായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കം വൈദ്യുതി, ജലക്ഷാമം എന്നിവയ്ക്കും കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ദിശകളിൽ നിന്നും വെള്ളപ്പൊക്കം ഗ്രാമത്തെ ബാധിച്ചതായും പരിഭ്രാന്തി സൃഷ്ടിച്ചതായും അൽ ഫഹ്‌ല ഗ്രാമത്തിൽ നിന്നുള്ള സെലാൽ അബ്ദുൾറാസെഖ് (40) വിശദീകരിച്ചു.
47 കാരിയായ ഫയ്‌സ അബ്ദുൾറാസെഖ്, താൻ ഒരു ഹൃദയ രോഗിയാണെന്നും ആശുപത്രി വിടേണ്ടി വന്നെന്നും, ദുരന്തം മൂലം താൻ ഭവനരഹിതയാവുകയും മരുന്നിന്‍റെ ക്ഷാമം നേരിടുന്നതായും അവർ പറഞ്ഞു.
തനിക്ക് വീട് നഷ്ടപ്പെട്ടെന്നും താമസിക്കാൻ ഒരിടം കണ്ടെത്താനായില്ലെന്നും ഫർഹീൻ അബ്ദുൾറസീഖ് (60) പറഞ്ഞു.
സുഡാനീസ് കുടുംബങ്ങൾക്ക് 30 മുതൽ 100 ശതമാനം വരെ നാശനഷ്ടം ഉണ്ടായതായി നൈൽ റിവർ സ്റ്റേറ്റ് ഗവർണർ മുഹമ്മദ് അൽ ബദാവി അബ്ദുൾ മജീദ് WAM-നോട് പറഞ്ഞു.
വീടുകൾ പൂർണമായി നഷ്‌ടപ്പെട്ടതിനാൽ താമസിക്കാൻ ഇടമില്ലാത്തതിനാൽ കുടുംബങ്ങൾക്ക് കാര്യമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈൽ റിവർ സ്റ്റേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ സലാഹ് എൽ ദിൻ അലി മുഹമ്മദ് WAM-നോട് പറഞ്ഞു, "കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ പേമാരിയുടെ ഒരു തരംഗത്തിന് വിധേയരായി, പ്രത്യേകിച്ച് വടക്കൻ, മധ്യ പ്രദേശങ്ങളിൽ, ഷെണ്ടി, ബെർബർ, അബു ഹമദാ, ഹദത്ത് എന്നിങ്ങനെ നിരവധി ബാധിത ഗ്രാമങ്ങളുണ്ട്."
സുഡാനീസ് സിവിൽ ഡിഫൻസ് കൗൺസിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 സെപ്റ്റംബർ 5 മുതൽ, മരണസംഖ്യ 112 ആയി, ആകെ 115 പേർക്ക് പരിക്കേറ്റു, 34,944 വീടുകൾ പൂർണ്ണമായും തകർന്നു, 49,096 വീടുകൾ ഭാഗികമായും തകർന്നു, 314 ഫെസിലിറ്റികളും 108 സ്റ്റോറുകളും നശിച്ചു. 1,24,000 ഏക്കറിലധികം ഭൂമിയിൽ വെള്ളം കയറിയതിനെ തുടർന്ന് കാർഷിക മേഖലയ്ക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
26 മരണങ്ങൾ റിപ്പോർട്ട് ചെയ്ത നോർത്ത് കോർഡോഫാൻ സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ മരണങ്ങൾ, സൗത്ത് കോർഡോഫാൻ സംസ്ഥാനത്ത് 49 പേർക്ക് പരിക്കേറ്റു, അൽ ജാസിറ സംസ്ഥാനമാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് (6,611), അതുപോലെ തന്നെ ഏറ്റവും കൂടുതൽ ഭാഗിക തകർച്ചകളും (9,978) ഇവിടെ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ഫെസിലിറ്റി നാശനഷ്ടങ്ങൾ (90) നോർത്തേൺ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു, കൂടാതെ നോർത്ത്, സൗത്ത് കോർഡോഫാൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സ്റ്റോർ വെയർഹൗസ് നാശനഷ്ടങ്ങൾ (32) റിപ്പോർട്ട് ചെയ്തു.
പ്രളയം ബാധിച്ച ഗ്രാമങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ സ്ഥലങ്ങളിൽ വിശ്വസനീയമായ സാമഗ്രികൾ ഉപയോഗിച്ച് വീടുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാന പരിഹാരമാർഗ്ഗമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
WAM/ Afsal Sulaiman https://wam.ae/en/details/1395303085333 WAM/Malayalam