സായിദ് ബിൻ ഹംദാൻ ബിൻ സായിദ് 'റോഡ് ടു കോപ്28'ൽ പങ്കെടുത്തു
ദുബായ്, 16 മാർച്ച് 2023 (WAM) -- കാലാവസ്ഥ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ദേശീയ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കാലാവസ്ഥാ പ്രവർത്തന സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, എക്‌സ്‌പോ സിറ്റി ദുബായ് ആതിഥേയത്വം വഹിച്ച 'റോഡ് ടു കോപ്28' പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന ശിൽപശാലകളിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും, സുസ്ഥിര കൃഷിയെയും യുവ കർഷകരെയും പിന്തുണയ്ക്കുന്ന അനുബന്ധ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രിയും കോപ്28 യൂത്ത് ക്ലൈമറ്റ് ചാമ്പ്യനുമായ ഷമ്മ ബിൻത് സുഹൈൽ ബിൻ ഫാരിസ് അൽ മസ്‌റൂയിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കോപ്28-ന്റെ ചുമതലയുള്ള യുവ നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും അംബാസഡർമാരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പങ്കാളികളും കാലാവസ്ഥാ വ്യതിയാന വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. 7 മുതൽ 15 വയസ്സുവരെയുള്ളവരെ കാലാവസ്ഥ പ്രവർത്തനങ്ങളിൽപ്രചോദിപ്പിക്കുന്നതിനുള്ള പ്രഭാത ഇന്ററാക്ടീവ് വർക്ക്‌ഷോപ്പ്, യുവജന ചർച്ചകളുടെ സായാഹ്ന പരിപാടി, വർക്ക്‌ഷോപ്പുകൾ, സുസ്ഥിര സംരംഭങ്ങളും സെഷനുകളും, ലക്ഷ്യങ്ങളെക്കുറിച്ച് കോപ് 28 ലീഡർ ടീമും യുവ കാലാവസ്ഥാ പയനിയർമാരും തമ്മിലുള്ള ചർച്ചകൾ എന്നിങ്ങനെ മൂന്ന് പ്രധാന പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി പ്രക്രിയകളിൽ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങൾ നയിക്കുന്ന സംഘടനകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളുടെ തുടക്കത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ