Thu 23-03-2023 13:37 PM
അബുദാബി, 23 മാർച്ച് 2023 (WAM) -- യുഎസ് ഫെഡറൽ റിസർവ് അതിന്റെ പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയതിന് ശേഷം സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ അവരുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് ഉയർത്തി.
സൗദി സെൻട്രൽ ബാങ്ക് റീപർച്ചേസ് കരാറിന്റെ (റിപ്പോ) നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമായും റിവേഴ്‌സ് റീപർച്ചേസ് എഗ്രിമെന്റിന്റെ (റിവേഴ്‌സ് റിപ്പോ) നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.00 ശതമാനമായും ഉയർത്തി.
ബഹ്‌റൈനിൽ, ഒരാഴ്ചത്തെ നിക്ഷേപ സൗകര്യ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായും ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായും ഉയർത്തിയതായി ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ട്വീറ്റ് ചെയ്തു.
സെൻട്രൽ ബാങ്ക് ഓഫ് ഖത്തറും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ ഉയർത്തി, നിക്ഷേപം, വായ്പ, റിപ്പോ നിരക്കുകൾ യഥാക്രമം 5.25%, 5.75%, 5.5% എന്നിങ്ങനെ ഉയർത്തി.
നേരത്തെ, യുഎഇ സെൻട്രൽ ബാങ്ക് ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ഒഡിഎഫ്) ബാധകമായ അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി - 2023 മാർച്ച് 23 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന 4.65% ൽ നിന്ന് 4.90% ആയി.
WAM/അമൃത രാധാകൃഷ്ണൻ