ടാക്‌സി വാഹനങ്ങൾക്കായി സ്മാർട്ട് ബിൽബോർഡ് പദ്ധതി ആരംഭിച്ച് ഐടിസി
അബുദാബി, 8 ജൂൺ 2023 (WAM) -- അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ടാക്‌സി വാഹനങ്ങൾക്കായി ഓപ്പറേറ്റിംഗ് കമ്പനികളുമായും സഹകരിച്ചും സ്മാർട്ട് ബിൽബോർഡ് പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ചു.
നൂതനവും ഉയർന്ന നിലവാരമുള്ളതുമായ പരസ്യ ഉള്ളടക്കം പൊതുജനങ്ങൾക്ക് എത്തിക്കാനുള്ള ഐടിസിയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് നടപടി. അബുദാബി എമിറേറ്റിലെ പ്രാദേശിക കമ്പനികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമുള്ള പരസ്യദാതാക്കളുമായി സഹകരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി ടാക്സി മേൽക്കൂരകളിൽ സ്മാർട്ട് പരസ്യ ബിൽബോർഡുകൾ സ്ഥാപിക്കുന്നതാണ് ഈ സംരംഭം.
തവാസുൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ 50 ടാക്‌സി വാഹനങ്ങൾ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചതെന്നും ട്രയൽ കാലാവധി കഴിഞ്ഞാൽ അതേ കമ്പനിയിൽ നിന്ന് 100 ടാക്‌സി വാഹനങ്ങൾ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഐടിസി അറിയിച്ചു.
അബുദാബി എമിറേറ്റിൽ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവന സംവിധാനത്തിലേക്കുള്ള പൊതു പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ സംരംഭമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വിശദീകരിച്ചു.
അബുദാബിയുടെ ഭാവി ആവശ്യകതകൾ നിറവേറ്റുന്നതിനും സമൂഹത്തെ സേവിക്കുന്ന ആധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്നതിലൂടെയും എമിറേറ്റിൽ മികച്ച നഗരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സേവനങ്ങളുടെയും വാണിജ്യ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ അബുദാബിയുടെ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാനും ഐടിസി ശ്രമിക്കുന്നു. ഈ സേവനങ്ങൾക്കായി പുതിയ മാർക്കറ്റിംഗ്, ഡിജിറ്റൽ പ്രൊമോഷണൽ തന്ത്രങ്ങൾ ഉപയോഗിക്കാനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയെ ശക്തിപ്പെടുത്താനും കാര്യക്ഷമവും ക്രിയാത്മകവുമായ വിപണന സന്ദേശങ്ങളുമായി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ എത്തിച്ചേരാനും പദ്ധതി ലക്ഷ്യമിടുന്നു.
ഐടിസിയുടെ അഭിപ്രായത്തിൽ, ടാക്‌സി മേൽക്കൂരകളിൽ പരസ്യ ബിൽബോർഡുകൾ സ്ഥാപിക്കുന്നത് ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ നൂതനമായ മുന്നേറ്റങ്ങൾക്ക് അനുസൃതമായി വൈവിധ്യമാർന്നതും ആകർഷകവുമായ പരസ്യ ഉള്ളടക്കം യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും എത്തിക്കുന്നതിന് സഹായിക്കുന്നു.
കൂടാതെ, ഇത് നഗരത്തിന്റെ വിപണന ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുകയും വിവിധ സേവനങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തെ അവബോധം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. പ്രാദേശിക ബിസിനസുകൾക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള അവസരവും ഇത് നൽകുന്നു.
ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാതെ എല്ലാത്തരം കാലാവസ്ഥകളിലും ഉള്ളടക്കം വ്യക്തമായി പ്രദർശിപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ, വലിയൊരു പ്രേക്ഷകരിലേക്ക് ഉപയോഗപ്രദമായ ട്രാഫിക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ക്രിയാത്മകമായി പ്രക്ഷേപണം ചെയ്യാൻ ഡിജിറ്റൽ ബിൽബോർഡുകൾ ഉപയോഗിക്കാം.
മറുവശത്ത്, പ്രാദേശിക ബിസിനസുകളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ സംരംഭം സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നു. ഇത് ടാക്സി വ്യവസായത്തെ ആസ്തി ഉപയോഗപ്പെടുത്താനും വരുമാനം വൈവിധ്യവത്കരിക്കാനും സഹായിക്കുന്നു, അതുവഴി എമിറേറ്റിലെ സാമ്പത്തിക വികസനം വർധിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ